വെസ്റ്റ്ബാങ്ക് അതിക്രമം; യു.എൻ രക്ഷാസമിതി യോഗം ആവശ്യപ്പെട്ട് യു.എ.ഇ
text_fieldsദുബൈ: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനിക ഇടപെടൽ തുടരുന്ന സാഹചര്യത്തിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ. യു.എന്നിലെ യു.എ.ഇ വക്താവ് ശഹദ് മതാർ വഴി ഉന്നയിച്ച ആവശ്യം വെസ്റ്റ്ബാങ്കിലെ സ്ഥിതിഗതികളിൽ ആശങ്ക അറിയിക്കുന്നുണ്ട്. അതോടൊപ്പം സംഘർഷം ഫലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് വിഘാതമാകുമെന്നും നിരീക്ഷിക്കുന്നു.
വെസ്റ്റ്ബാങ്ക് അടങ്ങുന്ന മേഖലയിൽ തീവ്ര കുടിയേറ്റക്കാരുടെ അതിക്രമവും ഇസ്രായേലി സേനയുടെ റെയ്ഡുകളും വർധിച്ചതായി ശഹദ് മതാർ യോഗം ആവശ്യപ്പെട്ട കാര്യം വ്യക്തമാക്കി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വെള്ളിയാഴ്ച യോഗം വിളിച്ചുചേർക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2005നുശേഷം വെസ്റ്റ്ബാങ്കിൽ ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണിതെന്ന് യു.എൻ ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസ് റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക് വ്യാഴാഴ്ച റെഫ്യൂജീസ് ഏജൻസി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഫലസ്തീൻ ജനതക്കെതിരായ കുടിയേറ്റക്കാരുടെ അക്രമം അവസാനിപ്പിക്കാനും കുടിയേറ്റക്കാരും ഇസ്രായേലി സുരക്ഷാസേനയും നടത്തുന്ന എല്ലാ അക്രമസംഭവങ്ങളും അന്വേഷിക്കാനും ഫലസ്തീൻ ജനതക്ക് ബല പ്രയോഗത്തിനെതിരെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കാനും ഇസ്രായേലിനോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.