പരക്കെ മഴ; നിറഞ്ഞൊഴുകി റോഡുകൾ
text_fieldsദുബൈ: കനത്ത മഴയിൽ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങൾ. ഫുജൈറ, ഉമ്മുൽഖുവൈൻ, ദുബൈയിലെ ഹത്ത, ഖോർഫക്കാൻ, കൽബ, റാസൽഖൈമ, ഷാർജയുടെയും അബൂദബിയിലെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുത്ത ചൂടിന് ശമനമായി മഴ ലഭിച്ചത്.
പരക്കെ പെയ്ത മഴക്കൊപ്പം പലയിടത്തും ശക്തമായ കാറ്റും വീശിയടിച്ചു. എന്നാൽ, അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിലും റാസൽഖൈമയിലും ശക്തമായ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.
അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ദുബൈ, അബൂദബി അടക്കമുള്ള പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ശക്തമായ മഴ ലഭിച്ചതോടെ രാജ്യത്ത് താപനില കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച റാസൽഖൈമയിലെ ജബൽജൈസിൽ 17 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
ഫുജൈറയിലെ മലയോര മേഖലകളിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാറ്റും മഴയും തുടരുന്ന അന്തരീക്ഷത്തിൽ പുറത്തിറങ്ങുന്നവരും ഡ്രൈവ് ചെയ്യുന്നവരും ജാഗ്രതപാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റാസൽഖൈമയിൽ വെള്ളക്കെട്ട് പലയിടങ്ങളിലും ഗതാകുരുക്കിനിടയാക്കി. അൽ നഖീലിലും റൗണ്ടെബൗട്ടുകളിലുമായിരുന്നു രൂക്ഷമായ വെള്ളക്കെട്ട്. ജൈസ് ഉൾപ്പെടെ മലനിരകളിലും ഷാം, അൽജീർ, കോർക്വേർ, അൽറംസ്, മാമൂറ, മ്യാരീദ്, ഓൾഡ് റാക്, ബറൈറാത്ത്, ജസീറ, അൽഗെയിൽ, കറാൻ, ഹംറാനിയ, ദിഗ്ദാഗ തുടങ്ങിയിടങ്ങളിലെല്ലാം മഴ വർഷിച്ചു. അജ്മാന്‍റെ വിവിധ പ്രദേശങ്ങളിലും സാമാന്യം തരക്കേടില്ലാത്ത മഴ ലഭിച്ചു. ജറഫ് മേഖലയിലെ ചില റോഡുകളില്‍ മഴമൂലം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അതേസമയം അജ്മാന്‍ ടൗണ്‍ മേഖലകളില്‍ മഴ ചെറിയതോതിലാണ് പെയ്തത്.
ഫുജൈറയിലെ സമീപ പ്രദേശങ്ങളായ കൽബ, ഖോർഫാക്കാൻ, മസാഫി, ദിബ്ബ എന്നിവിടങ്ങളിൽ അതി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും റോഡുകളും റൗണ്ട് എബൗട്ടുകളും വെള്ളംകൊണ്ട് നിറഞ്ഞതിനാൽ ഗതാഗതത്തിനുതന്നെ പ്രയാസം നേരിട്ടു. വളരെക്കാലത്തിനുശേഷമാണ് ഇവിടെ ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്.
ഫുജൈറയിലെ കോവിഡ് ഡ്രൈവ് ത്രൂ സെൻറർ അടച്ചു
ഫുജൈറ: പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫുജൈറയിലെ കോവിഡ് ഡ്രൈവ് ത്രൂ സെൻറർ അടച്ചു. താൽക്കാലികമായി ഒരു ദിവസത്തേക്ക് അടച്ചതായി ഫുജൈറ പൊലീസാണ് അറിയിച്ചത്. കനത്ത മഴയിൽ ഫുജൈറയിലെ പല ഭാഗങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട്. റോഡിലും മറ്റും വെള്ളം നിറഞ്ഞതോടെ സെന്ററിന്റെ പ്രവർത്തനത്തിന് തടസ്സമായതാണ് താൽക്കാലികമായി അടക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.