വന്യജീവികളെ ഉപദ്രവിക്കില്ല; പ്രകൃതിയെ ചേർത്തുപിടിച്ച് ഇത്തിഹാദ് റെയിൽ
text_fieldsദുബൈ: യു.എ.ഇയുടെ അഭിമാനപദ്ധതിയായ ഇത്തിഹാദ് റെയിൽ ഓടിത്തുടങ്ങുമ്പോൾ വന്യജീവികളും മൃഗങ്ങളും സംരക്ഷിക്കപ്പെടുന്നതിന് പദ്ധതി. 1200 കി.മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽപാതയിൽ വന്യജീവി ഇടനാഴികളും പ്രത്യേക 'അനിമൽ ക്രോസിങ്ങു'കളും നിർമിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. വന്യജീവി സാന്നിധ്യം കൂടുതലുള്ള ഭാഗങ്ങളിൽ വേഗം നിയന്ത്രിക്കുകയും ശബ്ദം കുറക്കുന്നതിന് 'നോ ഹോൺ സോണു'കൾ പ്രഖ്യാപിക്കുകയും ചെയ്യും. പ്രകൃതിക്ക് മുൻഗണന നൽകുന്ന നിലപാടിന്റെ ഭാഗമായാണ് റെയിൽ നിർമാണത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
നിർമാണം അവസാനത്തോടടുക്കുന്ന പാതയുടെ കഴിഞ്ഞ ഘട്ടങ്ങളിൽ മരങ്ങളും വലിയ പ്രാധാന്യപൂർവം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. ജൈവവൈവിധ്യവും പ്രകൃതിപൈതൃകവും സംരക്ഷിക്കുന്നതിനായി 1300 ഗഫ് മരങ്ങൾ, നൂറുകണക്കിന് സിദർ, ഈന്തപ്പന മരങ്ങൾ എന്നിവ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. 300ലധികം മൃഗങ്ങളെയും മാറ്റിപ്പാർപ്പിച്ചു. യു.എ.ഇ മരുഭൂമിയിൽ കണ്ടുവരുന്ന വിഷപ്പാമ്പുകൾ അടക്കം ഇവയിൽ ഉൾപ്പെടും.
നേരത്തേ പക്ഷികളുടെ, പ്രത്യേകിച്ച് വലിയ അരയന്നങ്ങളുടെ പ്രജനനകാലത്ത്, നിർമാണം ഒഴിവാക്കാൻ പദ്ധതിയുടെ ജോലികളുടെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. സംരക്ഷിത പരിസ്ഥിതിപ്രദേശങ്ങളുടെ സമീപത്തു കൂടെ കടന്നുപോകുന്ന പാതകളുടെ നിർമാണത്തിൽ പ്രത്യേകം ജാഗ്രതയാണ് കാണിക്കുന്നത്. ശബ്ദശല്യം കുറക്കുന്നതിനാണ് 'നോ-ഹോൺ സോൺ' പദ്ധതി നടപ്പാക്കുന്നത്. നിർമാണ കാലയളവിൽ പൊടി മലിനീകരണം കുറക്കുന്നതിന് ബഫർ സോണുകൾ സൃഷ്ടിക്കുന്നുമുണ്ട്. വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, വായു-ശബ്ദ ശാസ്ത്രജ്ഞർ, ഫോറസ്ട്രി വിദഗ്ധർ എന്നിവരുടെ ഒരു സംഘം പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് റെയിൽ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ്.
സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.