ലോകകപ്പിൽ യു.എ.ഇ കളിക്കുമോ
text_fields32 ടീമുകൾ മാറ്റുരക്കുന്ന ഖത്തർ ലോകകപ്പിലേക്ക് ഇനി മൂന്ന് ടീമുകൾക്കാണ് അവസരമുള്ളത്. മൂന്നിൽ ഒന്നാവാൻ കണ്ണുനട്ട് യു.എ.ഇയുമുണ്ട്. രണ്ട് അട്ടിമറികൾ നടന്നാൽ ഖത്തറിന്റെ മണ്ണിൽ പന്തുതട്ടാൻ നമ്മുടെ സ്വന്തം യു.എ.ഇയുമുണ്ടാകും. കടുത്ത മത്സരങ്ങളാണ് മുന്നിലുള്ളതെങ്കിലും സാധ്യതകൾ എഴുതിത്തള്ളാൻ കഴിയില്ല. കാരണം, ലോകകപ്പിലേക്ക് യോഗ്യത നേടിയ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തത് കഴിഞ്ഞ ദിവസമാണ്. ഇതോടെയാണ് യു.എ.ഇയുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളച്ചത്. ഇനി മുന്നിലുള്ളത് രണ്ട് കരുത്തൻമാരാണ്. ആസ്ട്രേലിയയും പെറുവും. ജൂണിൽ ഖത്തറിൽ നടക്കുന്ന േപ്ല ഓഫിൽ ഇവരെ വീഴ്ത്താൻ കഴിഞ്ഞാൽ യു.എ.ഇയുടെ കുട്ടികൾ കാൽപന്തിൽ മറ്റൊരു ചരിത്രമെഴുതും.
ഈ മത്സരം ജയിച്ചാൽ അടുത്ത എതിരാളി ലാറ്റിനമേരിക്കയിൽ നിന്നാണ്. സാക്ഷാൽ പെറു. ബ്രസീലിനെയും അർജന്റീനയെയും സ്ഥിരമായി വിറപ്പിക്കുന്ന പെറു. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് പെറു ഇന്റർകോണ്ടിനന്റൽ േപ്ല ഓഫിന് യോഗ്യത നേടിയത്. കൊളംബിയയെയും പരാഗ്വയേയും മറികടന്നാണ് വരവ്. അട്ടിമറിയിലൂടെ ഈ മത്സരം കൂടി ജയിച്ചാൽ യു.എ.ഇക്ക് ഖത്തറിലേക്ക് ടിക്കറ്റെടുക്കാം. ജൂൺ 13നാണ് മത്സരം. ഇതിൽ ജയിച്ചാൽ ഫ്രാൻസും ഡെൻമാർക്കും തുണീഷ്യയും ഉൾപെട്ട ഗ്രൂപ്പ് ഡിയിലേക്കായിരിക്കും യു.എ.ഇ എത്തുക.
യു.എ.ഇ ഒന്നടങ്കം പ്രതീക്ഷയിലാണ്. കരുത്തരായ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയതാണ് ഈ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നത്. അടുത്തിടെ നടന്ന യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം ടീം നടത്തിയിരുന്നു. സ്വന്തം നാട്ടിലെ പ്രകടനം മറുനാട്ടിൽ ആവർത്തിക്കുന്നില്ല എന്നതാണ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഖത്തറിലെ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ലോകകപ്പിൽ ബൂട്ടണിയാനുള്ള ഭാഗ്യം ഇമാറാത്തിന് കൈവരും.
സാധ്യതകൾ ഇങ്ങനെ
ഏഷ്യൻ യോഗ്യത റൗണ്ട് അവസാനിച്ചപ്പോൾ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് യു.എ.ഇ. ഇറാനും (25 പൊയന്റ്) കൊറിയയും (23 പൊയന്റ്) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി യോഗ്യത നേടിക്കഴിഞ്ഞു. പത്ത് മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമുള്ള യു.എ.ഇക്ക് 12 പൊയന്റ് മാത്രമാണുള്ളത്. എന്നാൽ, മൂന്നാം സ്ഥാനക്കാർക്ക് ഏഷ്യൻ േപ്ല ഓഫിൽ മത്സരിക്കാം. സൗദിയും ജപ്പാനും ഉൾപെട്ട ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി എത്തിയ ആസ്ട്രേലിയയാണ് ഇവിടെ യു.എ.ഇയുടെ എതിരാളികൾ. പഴയൊരു പ്രതികാരം തീർക്കാനുണ്ട് യു.എ.ഇക്ക്. റഷ്യൻ ലോകകപ്പിന്റെ പ്രതീക്ഷകളുമായി 2017ൽ സിഡ്നിയിലെത്തിയ യു.എ.ഇയുടെ ആഗ്രഹങ്ങളെ ആസ്ട്രേലിയ തച്ചുടച്ചിരുന്നു. വീണ്ടും അതേപോലൊരു മത്സരമാണ് നടക്കാൻ പോകുന്നത്. ജൂൺ ഏഴിന് ഖത്തറിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.