തണുപ്പുകാലം തുടങ്ങുന്നു; ആരോഗ്യപരിപാലനം പ്രധാനം
text_fieldsഗൾഫ് രാജ്യങ്ങൾ തണുപ്പുകാലത്തേക്ക് കാലെടുത്തുവെക്കുകയാണ്. ചില രാജ്യങ്ങളിൽ തണുപ്പ് സീസൺ തുടങ്ങിക്കഴിഞ്ഞു. കൊടും ചൂടിൽനിന്ന് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന കാലമാണിത്. എങ്കിലും ചിലതെല്ലാം സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള സമയമാണ് തണുപ്പുകാലം. പ്രത്യേകിച്ച് ചെവി, മൂക്ക്, തൊണ്ട എന്നിവ സംബന്ധമായ രോഗങ്ങൾ. ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പമേറുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നത്.
ഈ തണുപ്പുകാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരി ലോകം കീഴടക്കുമ്പോൾ. ജീവിതശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാം. അലർജി, ജലദോഷം, സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ് (otitis media), തൊണ്ടയിലെ അണുബാധ (tonsillitis, pharyngitis), ചുണ്ടുപൊട്ടൽ, മൂക്കിൽനിന്നും രക്തസ്രാവം (Epistaxis) തുടങ്ങിയവയാണ് പ്രധാനമായി ഈ സമയത്ത് കാണുന്ന ഇ.എൻ.ടി രോഗങ്ങൾ. തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണും തൊണ്ടയും ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അലർജി തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ക്രമേണ മൂക്കിൽ ദശവളർച്ച ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ ഈ രോഗത്തിന് കൃത്യമായ ചികിത്സ തേടണം.
ജലദോഷം
ജലദോഷം വന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജലദോഷമുള്ളയാളെ മറ്റുള്ളവർ സംശയത്തോടെ നോക്കുന്നതും കാണാം. തണുപ്പുകാലത്ത് ജലദോഷം വരുന്നത് സാധാരണമാണ്. ഇത് ഒരു വൈറൽ രോഗമാണ്. പനി, കുറുങ്ങൽ, ശ്വാസംമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്. ജലദോഷം വഷളാകുമ്പോൾ മൂക്കിെൻറ വശങ്ങളിലുള്ള വായു അറകളിൽ അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. തലവേദന, മൂക്കിൽനിന്നുള്ള പഴുപ്പ്, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. വൈകാതെ ചികിത്സ തേടണം.
ചെവിയിലെ പഴുപ്പ്:
കർണപുടത്തിെൻറ പിറകിൽ മധ്യകർണത്തിൽ അണുബാധ വരുകയും പഴുപ്പുകെട്ടുകയും ചെയ്യുന്നത് മഞ്ഞുകാലത്ത് കൂടുതലാണ്. പഴുപ്പിനൊപ്പം ചെവിവേദന, കേൾവിക്കുറവ്, പനി എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ.
മുൻകരുതലുകളെടുക്കാം:
- രോഗപ്രതിരോധശേഷി കൂട്ടാൻ പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- ശരീരത്തിന് ആയാസരഹിതമായി ജോലിചെയ്യാനും നിർജലീകരണം തടയാനും ദിവസവും ഒന്നര മുതൽ രണ്ടു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
- ഒരു ദിവസം ശരാശരി 30- 60 മിനിറ്റ് വരെ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. അതോടൊപ്പം യോഗ, മറ്റു കായിക പരിശീലനങ്ങൾ എന്നിവയും പരിശീലിക്കാം.
വ്യക്തിശുചിത്വം പാലിക്കണം
- പരിസര ശുചിത്വം പാലിക്കണം
- പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം എടുക്കാം
- സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം
ഇവ ഒഴിവാക്കണം:
- പൊടി, കനത്ത തണുപ്പ്
- തണുത്ത ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്
- മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങൾ
- ചന്ദനത്തിരി, കൊതുകുതിരി മുതലായവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.