ശൈത്യകാല ആഘോഷങ്ങള്‍ കലാശക്കൊട്ടിലേക്ക്
text_fieldsഅബൂദബി: ഇക്കൊല്ലത്തെ ശൈത്യകാല ആഘോഷങ്ങള്‍ കലാശക്കൊട്ടിലേക്ക് കടക്കവെ അബൂദബിയില്‍ വിവിധ പരിപാടികളൊരുക്കി അധികൃതര്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ അല്‍ വത്ബ നഗരിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വിവിധ അനുഭവങ്ങളാണ് ഓരോ ഘട്ടവും സമ്മാനിക്കുന്നത്. ജലകേളിയാസ്വാദകര്‍ക്ക് അബൂദബി പൈതൃക അതോറിറ്റി ഒരുക്കിയിരിക്കുന്നത് ഒന്നാന്തരം വിരുന്നുതന്നെയാണ്. അല്‍ മുഗീറ ബീച്ചില്‍ നടന്നുവരുന്ന 15ാമത് അല്‍ ദഫ്ര ജലോല്‍സവമാണ് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. അബൂദബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് പൈതൃക അതോറിറ്റി ഫെബ്രുവരി 25 വരെ അല്‍ ദഫ്ര വാട്ടര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ജലകായികമല്‍സരങ്ങളടക്കം ഒട്ടേറെ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. സമുദ്ര പൈതൃകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് പരിപാടി. മറാവ ധോ സെയിലിങ് റേസ്(43 അടി), ടഫ്രീസ്(പോള്‍ ബോട്ട്), അല്‍ മുഖീറ തുഴച്ചില്‍ മല്‍സരം, ജനാന ധോ സെയിലിങ് റേസ്(22 അടി)എന്നീ മല്‍സരങ്ങള്‍ക്കു പുറമേ കാരം, സൈക്ലിങ്, ഓട്ടം, ബീച്ച് സോക്കര്‍, ബീച്ച് വോളിബാള്‍, പരമ്പരാഗത മല്‍സരങ്ങളായ കരാബി, ദഹ്‌റോയി, ഷാ, മുത്തരാ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. നാടന്‍ ഫാഷന്‍ ഷോകള്‍, പാചകമല്‍സരങ്ങള്‍, കരകൗശല വസ്തുക്കള്‍, പ്രകടനങ്ങള്‍, ക്വിസ് മല്‍സരം മുതലായവയും ഇതിനൊപ്പം അരങ്ങേറും.
ഇതിനു പുറമേ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് മൂന്നുവരെ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ അബൂദബി കോര്‍ണിഷില്‍ അരങ്ങേറുന്നുണ്ട്. കുടുംബ ശിൽപശാലകള്‍, വ്യാപാരശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ മുതലായവയും ഫെസ്റ്റിവലില്‍ ഉണ്ടാകും. യു.എ.ഇയുടെ സമുദ്രപൈതൃകം അടുത്തറിയുന്നതിനും വിനോദങ്ങളിലേര്‍പ്പെടുന്നതിനും അവസരമൊരുക്കുന്നതാണ് ഈ പരിപാടി. കപ്പലോട്ടം, കപ്പല്‍ നിര്‍മാണം, മീന്‍ പിടുത്തം തുടങ്ങി കടലുമായി ബന്ധപ്പെട്ട അനേകം അറിവുകള്‍ നേടാന്‍ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവല്‍ കാണികളെ സഹായിക്കും. മേളയിലെത്തുന്നവര്‍ക്ക് യു.എ.ഇയുടെ നാവിക-സമുദ്ര പാരമ്പര്യം, വാണിജ്യ ചരിത്രം, നാവിക മേഖലയില്‍ യു.എ.ഇ പരമ്പരാഗതമായി ആര്‍ജ്ജിച്ച കഴിവുകള്‍ തുടങ്ങിയ മനസ്സിലാക്കാം.
സന്ദര്‍ശകര്‍ക്കായി ശില്‍പശാലകള്‍, പ്രകടനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, പൈതൃക പാതകള്‍, പരമ്പരാഗത കച്ചവട കേന്ദ്രം, പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം പഴയ കാലത്തെ കടല്‍ അനുഭവങ്ങളും ചരിത്രങ്ങളും മുന്‍ തലമുറയില്‍പ്പെട്ടവരില്‍ നിന്ന് നേരിട്ട് കേട്ടും കണ്ടും അറിയാനും സാധിക്കും. പരമ്പരാഗത തീരദേശ ജീവിതത്തിന്റെ ഭാഗമായ കരകൗശല നൈപുണ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവര്‍ പങ്കുവെക്കും. പ്രത്യേകം ഒരുക്കിയ മത്സ്യബന്ധന ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളികളുടെ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി മത്സ്യ-കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ മത്സ്യം പിടിക്കുകയും ലേലം ചെയ്യുകയും ചെയ്തത് എങ്ങനെയെന്ന് മനസ്സിലാക്കാം. മീന്‍ ഉപ്പിടല്‍, മസാലകള്‍ എന്നിവയെ കുറിച്ച് പഠിക്കുകയുമാവാം. തത്സമയ കുക്കിങ് സൗകര്യമുള്ളതിനാല്‍ ഇഷ്ടമുള്ള കടല്‍ വിഭവങ്ങള്‍ വാങ്ങുകയും ഗ്രില്‍ ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യാനും സാധിക്കും.
യു.എ.ഇയുടെ ചരിത്രപരമായ ഫാഷനുകളും എംബ്രോയ്ഡറികളും മനസിലാക്കാനും വാങ്ങാനും പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചും രോഗചികിത്സയുടെ പഴയ രീതികളെക്കുറിച്ചും പഠിക്കാനുമുള്ള അവസരവുണ്ട്. ഇമാറാത്തി കലാകാരന്മാരുടെ പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തം, സംഗീതം, കവിതാലാപനം എന്നിവയും ആസ്വദിക്കും. ലഘുഭക്ഷണങ്ങള്‍, പരമ്പരാഗത ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധ വസ്തുക്കള്‍, പരമ്പരാഗത പാവകള്‍, കൂടാതെ ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സിന്റെ ആധുനിക ഡിസൈനുകള്‍ തുടങ്ങിയ പ്രത്യേകം ഒരുക്കിയിരിക്കുന്ന സൂക്കുകളില്‍ ലഭ്യമാണ്. അബൂദബിയിലെ കുടുംബസമേതമുള്ള ഉല്ലാസങ്ങള്‍ക്ക് നിറംപകരാന്‍ ‘സിനിമ ഇന്‍ ദ പാര്‍ക്ക്’ ഏപ്രില്‍ 27 വരെ തുടരും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളില്‍ വൈകീട്ട് ആറിനും എട്ടിനുമായാണ് പ്രദര്‍ശനങ്ങള്‍. റമദാനില്‍ പ്രദര്‍ശന സമയം രാത്രി ഏഴിനും 9 ഉം ആയി മാറ്റും. 2024 മാര്‍ച്ച് 30 വരെ പാര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാവും. ശൈഖ് സായിദ് ഫെസ്റ്റിവല്‍ മാര്‍ച്ച് ഒമ്പത് വരെയായിരിക്കും അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.