യു.എ.ഇയിലെ വിദ്യാലയങ്ങളിൽ നാളെ മുതൽ ശൈത്യകാല അവധി
text_fieldsഅൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് ഇന്നുമുതൽ ശൈത്യകാല അവധി ആരംഭിക്കുന്നു. ഡിസംബർ 10 മുതൽ മൂന്നാഴ്ചയാണ് അവധി. യു.എ.ഇയിൽ ജനുവരി ഒന്നുമുതൽ ഞായറാഴ്ചകളിൽ വാരാന്ത്യ അവധി ആയതിനാൽ ശൈത്യകാല അവധിക്കുശേഷം 2022 ജനുവരി മൂന്നിനാണ് വിദ്യാലയങ്ങൾ തുറക്കുക.
മധ്യവേനൽ അവധിക്കുശേഷം അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർഥികളും ക്ലാസ് മുറികളിൽ എത്തിയിരുന്നു. എന്നാൽ, അബൂദബി എമിറേറ്റ്സിൽ മുഴുവൻ ക്ലാസുകളിലേക്കും നേരിട്ടുള്ള പഠനമോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരമുണ്ടായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നല്ല ശതമാനം വിദ്യാർഥികളും കഴിഞ്ഞ പാദത്തിൽ വിദ്യാലയങ്ങളിലെത്തി. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും സ്കൂളുകളിൽ സൗജന്യ കോവിഡ് പരിശോധനകളും വിദ്യാഭ്യാസ വകുപ്പുകളുടെ തുടർച്ചയായ കർശന പരിശോധനകളും നടക്കുന്നുണ്ട്.
ഏഷ്യൻ സ്കൂളുകളുടെ രണ്ടാം പാദത്തിെൻറ അവസാനമായിരുന്നു ഇന്നലെ. ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യപാദത്തിെൻറ അവസാനവും. സാധാരണ കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ നടക്കാറുള്ളത് ഈ പാദത്തിലാണ്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികൾ ഒരുമിച്ചുചേരുന്നതിനും വിനോദ യാത്രകൾക്കുമൊക്കെ നിയന്ത്രണങ്ങളുണ്ടെങ്കിലും ഈ വർഷം കലാപരിപാടികളും മത്സരങ്ങളും കായിക പരിശീലങ്ങളുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നിരുന്നു. സൗജന്യമായി എക്സ്പോ നഗരി സന്ദർശിക്കാൻ വിദ്യാർഥികൾക്ക് സ്കൂളുകൾ അവസരമൊരുക്കിയതും നവ്യാനുഭവമായിരുന്നു. ഡിസംബർ 12 മുതൽ 18 വരെ അധ്യാപകർക്ക് സൗജന്യമായി എക്സ്പോ സന്ദർശിക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്.
കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി മൂലം അവധിക്കാല യാത്രകൾ വേണ്ടെന്നുവെച്ചവരുമുണ്ട്. ക്രിസ്മസും പുതുവത്സരവുമൊക്കെ ആഘോഷിക്കാൻ ഈ അവധിക്കാലത്ത് സ്വദേശത്തേക്ക് പോകാറുള്ള രക്ഷിതാക്കളും സ്കൂൾ ജീവനക്കാരുമാണ് പ്രതിസന്ധിയിലായത്. പല കുടുംബങ്ങളും യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ്. യു.എ.ഇയിൽനിന്ന് നാട്ടിലേക്കുള്ള വിമാന നിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും തിരിച്ച് ശൈത്യ അവധിക്കുശേഷം ജനുവരി ആദ്യവാരം ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഇപ്പോഴും ഈടാക്കുന്നത്. ഇതും അവധിക്ക് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുവലിക്കുന്നു.
യു.എ.ഇയിലെ വാരാന്ത്യ അവധി ജനുവരി മുതൽ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുകയും വെള്ളിയാഴ്ച ഉച്ചവരെ മാത്രം പ്രവൃത്തി ദിനമാക്കുകയും ചെയ്യുന്നതിനനുസൃതമായി വിദ്യാലയങ്ങളുടെ പ്രവർത്തന ദിവസങ്ങളിലും മാറ്റം വരുമെന്ന് വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചിട്ടുണ്ട്. ശൈത്യകാല അവധി കഴിഞ്ഞ് വരുന്ന വിദ്യാർഥികൾക്ക് ഇതൊരു പുതിയ അനുഭവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.