ശൈത്യകാല പ്രതിരോധം: ആറു മാസത്തിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫ്ലു വാക്സിന്
text_fieldsഅബൂദബി: ആറു മാസത്തിനു മുകളില്‍ പ്രായമുള്ള കുട്ടികൾ ശൈത്യകാലത്തിനു മുമ്പായി ഫ്ലു വാക്സിന് സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍.
സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് തുടക്കമാവുകയും യു.എ.ഇയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ വരുകയും ചെയ്യുന്ന സമയമായ ശൈത്യകാലത്തിനു മുന്നോടിയായി ഫ്ലു വാക്സിന് സ്വീകരിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന വാക്സിനെ അപേക്ഷിച്ച് നാലുതരം വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫ്ലു വാക്സിനെന്നും അധികൃതര്‍ അറിയിച്ചു.
ഒക്ടോബറിലും നവംബറിലും പനി കേസുകള്‍ വര്‍ധിക്കുകയും ഇത് ജൂണ്‍ തുടരുകയും ചെയ്യുന്നതാണ് പതിവ്. ഇതിനെതിരെ മികച്ച പ്രതിരോധമെന്ന നിലയ്ക്ക് സെപ്റ്റംബറില്‍ ഫ്ലു വാക്സിന് സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആറുമാസത്തിനു മുകളില്‍ പ്രായമുള്ള ഏതൊരു കുട്ടിക്കും ഫ്ലു വാക്സിന് സ്വീകരിക്കാവുന്നതാണെന്ന് ഡോ. ജമുന രഘുരാമന് പറഞ്ഞു. കോവിഡനാനന്തരം കൂടുതല്‍ കുട്ടികള്‍ ഇതിന് സാദൃശ്യമായ നിരവധി രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഫ്ലു വാക്സിന് എടുക്കുന്നത് സുപ്രധാനമായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയില്‍ ചൂട് കുറഞ്ഞുവരുകയും ശൈത്യകാലത്തിലേക്ക് കടക്കാനൊരുങ്ങുകയും ചെയ്യുന്ന കാലാവസ്ഥയാണുള്ളത്. അതിനാല്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികളില്‍ വര്‍ധിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതിനാല്‍ കുട്ടികള്‍ക്ക് കര്‍ശനമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം ശാരീരിക അസ്വസ്ഥതകള്‍ക്കു കാരണമാകുന്നത് സാധാരണമാണ്. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ ചികില്‍സ ഉറപ്പാക്കേണ്ടത് രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ബന്ധമാണ്. സ്വദേശികള്‍ക്കു പുറമേ വിദേശ താമസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അധികൃതര്‍ അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി (സേഹ)സേവനം വിപുലപ്പെടുത്തിയിരുന്നു.
അബൂദബി നഗരത്തിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും (എസ്.കെ.എം.സി.), അല്‍ ഐന്‍ തവാം ആശുപത്രിയിലും സ്വദേശികള്‍ക്ക് പുറമെ വിദേശികളായ താമസക്കാര്‍ക്കുമാണ് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.