ശൈത്യകാല കാമ്പിങ് സീസൺ; ചൊവ്വാഴ്ച മുതൽ അനുമതിക്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
text_fieldsദുബൈ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിനിൽക്കെ മരുഭൂമിയിലെ ക്യാമ്പിങ് സീസൺ ആരംഭിക്കുന്നു. സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങൾ വിനോദത്തിനും ഒത്തുചേരലിനും ഉപയോഗിക്കുന്ന ക്യാമ്പിങ്ങിന് ചൊവ്വാഴ്ച താൽക്കാലികമായി തുടക്കമാകുമെന്ന് ദുബൈ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. അടുത്തവർഷം ഏപ്രിൽവരെ നീളുന്ന സീസണിൽ മരുഭൂമിയിൽ തങ്ങാൻ എത്തുന്നവർക്കുവേണ്ടി ആവശ്യമായ സന്നാഹങ്ങൾ അധികൃതർ ഒരുക്കുന്നുണ്ട്. ക്യാമ്പിങ്ങിന് എത്തിച്ചേരുന്നവർക്ക് സേവനങ്ങളും അവശ്യസാധനങ്ങളും നൽകുന്നതിന് ബിസിനസ് സ്ഥാപനങ്ങൾക്ക് അനുമതി നൽകും. വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകസ്ഥലങ്ങളും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ക്യാമ്പ് സൈറ്റുകൾ നേരത്തേ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നവർക്ക് സ്വന്തമായി ക്യാമ്പുകൾ കെട്ടിയുയർത്താനും കുടുംബങ്ങൾക്ക് ഉപയോഗിക്കാനും കഴിയും. സിംഗ്ൾ, ഡബ്ൾ എന്നീ വിഭാഗങ്ങളിലായാണ് ക്യാമ്പുകൾ അനുവദിക്കുക. 20മീറ്റർ വീതിയും നീളവുമുള്ളത് സിംഗ്ൾ വിഭാഗത്തിലും 20മീറ്റർ നീളവും 40മീറ്റർ വീതിയുമുള്ളത് ഡബ്ൾ വിഭാഗത്തിലുമാണ് ഉൾപ്പെടുക.
ക്യാമ്പുകൾ ഒരുക്കുന്നവർ മുനിസിപ്പാലിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലികമായി സ്വകാര്യ ഉപയോഗത്തിന് മാത്രമായിരിക്കണം ക്യാമ്പെന്നും അനുമതി മറ്റൊരാൾക്ക് കൈമാറാനോ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ക്യാമ്പിൽ രാജ്യത്തെ നിയമങ്ങളും പാരമ്പര്യങ്ങളും പാലിക്കുകയും താൽക്കാലികമായി വേലി നിർമിക്കുകയും വേണമെന്നും ഇതിൽ പറയുന്നു. അനുമതിയുടെ കാലാവധി കഴിഞ്ഞാൽ എല്ലാ വസ്തുക്കളും സ്ഥലത്തുനിന്ന് നീക്കംചെയ്യണമെന്നും അനുവദിച്ച സ്ഥലങ്ങളിൽ കുഴിയുണ്ടാക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
ക്യാമ്പ് സൈറ്റിൽ പൂർണമായും ശുചിത്വം പാലിക്കണമെന്നും നല്ല നിലയിൽ രൂപകൽപന ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. ക്യാമ്പിനകത്ത് അഗ്നിശമന സംവിധാനമുണ്ടായിരിക്കുക, പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കുക, സാൻഡ് ബൈക്കുകൾ 20കി. മീറ്റർ വേഗ പരിധിയിൽ കൂടുതൽ ഓടിക്കാതിരിക്കുക, ഫ്ലഡ്ലൈറ്റുകളും സ്പീക്കറുകളും ഉപയോഗിക്കാതിരിക്കുക എന്നിവയും നിഷ്കർഷിച്ചിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.