തണുപ്പിന്റെ ആഘോഷം
text_fieldsഅബൂദബിയില്‍ ശൈത്യകാലം അവസാനത്തിലേക്ക് എത്തുകയാണ്. ഈ മാസം അവസാനത്തോടെ അന്തരീക്ഷ താപനില പതിയെ ഉയരും. വസന്തകാലത്തിനു തുടക്കമാവും. അതിനാല്‍ തന്നെ അബൂദബി സന്ദര്‍ശിക്കുന്നതിനുള്ള മികച്ച സമയമാണിത്. പ്രസന്നമായ കാലാവസ്ഥയും ആള്‍ത്തിരക്ക് കുറവുമാണിപ്പോള്. ഫെബ്രുവരിയില്‍ പകലത്തെ കുറഞ്ഞ അന്തരീക്ഷ താപനില 24.2 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 36.2 ഡിഗ്രി സെല്‍ഷ്യസുമാണ്. രാത്രിയിലെ കുറഞ്ഞ ശരാശരി താപനില 18.6 ഡിഗ്രി സെല്‍ഷ്യസാണ്.
ഈ വര്‍ഷത്തെ കുറഞ്ഞ സമുദ്ര താപനിലയും ഫെബ്രുവരിയിലാണ്. ശരാശരി താപനില 21.1 ഡിഗ്രി സെല്‍ഷ്യസാണ്. കൂടിയ സമുദ്ര താപനില 22.4 ഡിഗ്രി സെല്‍ഷ്യസാണ്. 19.9 ഡിഗ്രി സെല്‍ഷ്യസാവും ഏറ്റവും കുറഞ്ഞ സമുദ്ര താപനില. ഈ സമയം അബൂദബി സന്ദര്‍ശിക്കുന്നവര്‍ സണ്‍സ്ക്രീന്‍, സണ്‍ഗ്ലാസ്, തൊപ്പി എന്നിവ കരുതാന്‍ മറക്കരുത്. അല്‍ വത് ബയില്‍ അരങ്ങേറുന്ന ശൈഖ് സായിദ് പൈതൃക മേള സന്ദര്‍ശകര്‍ക്ക് മികച്ച കാഴ്ചാ വിരുന്നാണൊരുക്കുന്നത്. മേള മാര്‍ച്ച് 18ന് അവസാനിക്കും.
ഫെബ്രുവരി 17 മുതല്‍ 26 വരെ അബൂദബി കോര്‍ണിഷിലെ അല്‍ ബഹര്‍ മേഖലയിലെ മാരിടൈം ഹെറിസ്റ്റേജ് ഫെസ്റ്റിവല്‍ നടക്കും. ഇത്തിഹാദ് അറീനയില്‍ ഫെബ്രുവരി 18 മുതല്‍ 19 വരെ ബ്ലിപ്പി ദ മ്യൂസിക്കല്‍ പരിപാടി അരങ്ങേറുന്നുണ്ട്. ഫെബ്രുവരി 22ന് ഇത്തിഹാദ് അറീനയില്‍ കൊമേഡിയന്‍ കെവിന് ഹാര്‍ട്ടിന്റെ റിയാലിറ്റി ചെക്ക് എന്ന പ്രോഗ്രാം നടക്കും.ഫെബ്രുവരി 20നും 26നും ഇടയിലായി അബൂദബിയില്‍ യുസിഐ സൈക്ലിങ് വേള്‍ഡ് ടൂര്‍ അരങ്ങേറും. ദ നൊമോഡാസ് അഡ്വഞ്ചര്‍ റാലി സര്‍വീസസിന്റെ അബൂദബി ഡെസേര്‍ട്ട് ചാലഞ്ച് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും.
ഖസര്‍ അല്‍ ഹോസന്‍ കോട്ട സന്ദര്‍ശിക്കുന്നതിനുള്ള ഉചിതമായ സമയവും ഇപ്പോഴാണ്. കണ്ടല്ക്കാടുകള്ക്കിടയിലുള്ള കയാക്കിങ് മികച്ച അനുഭവം സമ്മാനിക്കും. അനന്താര ഹോട്ടലിനോടു ചേര്‍ന്ന ഈസ്റ്റേണ്‍ മാന്ഗ്രോവ്സിലും ജുബൈല്‍ മാന്‍ഗ്രോവ് പാര്‍ക്കിലും റീം ഐലന്‍ഡിനും ലൂറോ, സഅദിയാത്ത് ഐലന്‍ഡിലും കയാക്കിങ് ലഭ്യമാണ്. നൂറുകണക്കിന് ദ്വീപുകളാല്‍ നിര്‍മിക്കപ്പെട്ട നഗരത്തില്‍ നിരവധി ഇടങ്ങളില്‍ വിവിധ തരം ബോട്ടുസര്‍വീസുകള്‍ ലഭ്യമാണ്. സ്പീഡ് ബോട്ട് മുതല്‍ പരമ്പരാഗത ബോട്ടുകള്‍ വരെ ഇങ്ങനെ യാത്രയ്ക്കായി ലഭ്യമാണ്.
മരുഭൂമിയിലെ കാര്‍സവാരി, ക്വാഡ് ബൈക്കിങ്, ഒട്ടകസവാരി തുടങ്ങി എന്നെന്നും മനസ്സില്‍ തങ്ങിനില്ക്കുന്ന യാത്രകള്‍ക്കും ഇക്കാലയളവ് ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രയ്ക്കു ശേഷം ബിബിക്യു കഴിക്കാനും നൃത്തമാസ്വദിക്കാനും അവസരമുണ്ട്. അബൂദബി മാളിനുള്ളില്‍ ഒരുക്കിയിരിക്കുന്ന പ്രിസന്‍ ഐലന്‍ഡ് എന്ന 26 എസ്കേപ്പിങ് റൂമുകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ജബല്‍ ഹഫീത് ഡെസേര്‍ട്ട് പാര്‍ക്കില്‍ അയ്യായിരത്തിലേറെ പഴക്കമുള്ള ശവകുടീരങ്ങള്‍ കാണാം. ഇതിനു പുറമേ ക്യാംപിങ്ങിനും പാര്‍ക്കില്‍ സൗകര്യമുണ്ട്. അബൂദബിയുടെ പൂന്തോട്ട നഗരമായ അല്‍ ഐന്‍ ഒയായിസില് നിരവധി കോട്ടകളും കൊട്ടാരങ്ങളുമുണ്ട്. അഫ്ലാജ് സംവിധാനത്തിലൂടെ ഈന്തപ്പന കൃഷി തലമുറകളായി നടത്തിവരുന്നുവെന്ന് ഇവിടുത്തെ സന്ദര്‍ശം ബോധ്യപ്പെടുത്തിതരും. യുഎഇയുടെ സ്ഥാപകപിതാവായ ശൈഖ് സായിദിന്റെ കൊട്ടാരവും സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.