ശൈത്യകാലത്തെ വരവേൽക്കാൻ സഞ്ചാരികളൊരുങ്ങുന്നു; ഹത്തയിൽ അതിസുരക്ഷയൊരുക്കി ദുബൈ പൊലീസ്
text_fieldsദുബൈ: ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മഞ്ഞുപെയ്യുന്ന ശൈത്യകാലത്തിലേക്ക് കടക്കുകയാണ് രാജ്യം. താമസക്കാരും സന്ദർശകരും സഞ്ചാരപ്രിയരും ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ശൈത്യകാലം എന്നാൽ അസ്ഥിര കാലാവസ്ഥയെയും പ്രതീക്ഷിക്കേണ്ട സമയമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതുകൊണ്ടു ഏത് അടിയന്തര സാഹചര്യങ്ങളെയും നിമിഷങ്ങൾക്കകം നേരിടാനുള്ള സന്നാഹങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്തിയാണ് ദുബൈ പൊലീസ് ശൈത്യകാലത്തെ വരവേൽക്കുന്നത്.
ഹത്തയിലാണ് ദുബൈ പൊലീസ് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. കൂടുതൽ പേർ സംഘം ചേർന്നും കുടുംബങ്ങളോടൊപ്പവും തനിച്ചും സന്ദർശിക്കുന്ന പ്രദേശമെന്ന നിലയിലാണ് ഹത്തയിൽ അടിയന്തര പ്രതികരണ സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങളേർപ്പെടുത്തി സുരക്ഷ പട്രോളിങ് ശക്തമാക്കിയിരിക്കുന്നത്. കുടുംബങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമെന്ന നിലയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഓരോ ദിവസവും ഹത്തയിലെ മലനിരകളുടെയും ഡാമുകളുടെയും ജലാശയങ്ങളുടെയും സൗന്ദര്യം നുകരാനിവിടെ എത്തുന്നത്.
ഡാമുകൾക്ക് സമീപമുള്ള പട്രോളിങ്ങുകളുടെ എണ്ണം വർധിപ്പിച്ചതായും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ഏത് സംഭവത്തെയും നേരിടാനുള്ള സന്നാഹങ്ങളൊരുക്കിയതായും ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെറ്റ്ബി പറഞ്ഞു.
കാലാവസ്ഥ അസ്ഥിരമാകുമ്പോൾ താഴ്വരകളിൽനിന്നും ജലാശയങ്ങളിൽനിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കണം -നിവാസികളോട് അദ്ദേഹം പറഞ്ഞു. സാധാരണ പട്രോളിങ് വാഹനങ്ങൾക്ക് പകരം ഈ പ്രദേശങ്ങളിൽ ട്രാഫിക് പട്രോളിങ് വിന്യസിച്ചിട്ടുണ്ടെന്ന് കേണൽ അൽ കെറ്റ്ബി പറഞ്ഞു.
കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി ആശയവിനിമയം നടത്തുന്നതിന് ഏറ്റവും പുതിയ സ്മാർട്ട് ഉപകരണങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഈ പട്രോളിങ്ങിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഉൾപ്പെടുത്തിയ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത് -അദ്ദേഹം വിശദീകരിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കണമെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ ദുബൈ മുനിസിപ്പാലിറ്റി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സേവനങ്ങൾ ഹത്ത പൊലീസ് സ്റ്റേഷെൻറ സഹകരണത്തോടെ മുഴുസമയവും പ്രവർത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.