അൽപം ശ്രദ്ധയാവാം, എരിഞ്ഞുപോകില്ല ജീവിതം
text_fieldsശമീറുൽ ഹഖ് തിരുത്തിയാട്
അൽഐൻ: മരം കോച്ചുന്ന തണുപ്പിൽനിന്ന് രക്ഷതേടാൻ തീ കായുന്നത് മലയാളികൾക്ക് ഗൃഹാതുരത സമ്മാനിക്കുന്നുണ്ടാകാം. എന്നാൽ, തണുപ്പിൽനിന്ന് രക്ഷതേടാൻ നാം ഉപയോഗിക്കുന്ന അശാസ്ത്രീയ രീതികൾ പലപ്പോഴും ജീവൻതന്നെ കവർന്നേക്കുമെന്ന കാര്യം ഓർക്കുക. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന, ഒഴിവാക്കാൻ പറ്റുമായിരുന്ന ഒരു സംഭവംകൊണ്ട് ഒരു യുവാവിെൻറ ജീവനാണ് ചൊവ്വാഴ്ച അൽഐനിൽ പൊലിഞ്ഞത്. അൽ ഐൻ മസ്ഊദിയിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുന്ന മൂന്ന് സുഹൃത്തുക്കൾ തണുപ്പിൽനിന്ന് രക്ഷ തേടാൻ, താമസിക്കുന്ന മുറിക്ക് പുറത്ത് കരി (ഫഹ്മ്) കത്തിച്ച് ഉറങ്ങിയതായിരുന്നു. ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് പടർന്ന പുക ശ്വസിച്ച് തിരൂർ എടക്കുളം, കിഴക്കുംമുക്ക് സ്വദേശി ഹംസക്കുട്ടി (31) എന്ന യുവാവ് മരണത്തിന് കീഴടങ്ങി. കാസർകോട് സ്വദേശികളായ സഹോദരങ്ങളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ശൈത്യകാലമായാൽ യു.എ.ഇയിലെ മരുഭൂമികളിലും വീടകങ്ങളിലും വിറക് കത്തിച്ച് ഇറച്ചിയും കോഴിമാംസവും ചുടുന്നത് സാധാരണമാണ്. ശൈത്യകാല ആരോഗ്യം കൃത്യമായി നിലനിർത്തിക്കൊണ്ടുപോകാനും തണുപ്പ്കാല രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനുമായി ബദുവിയൻ സംസ്കൃതിയുടെ ശീലങ്ങൾ പുതുതലമുറ ഏറ്റെടുക്കുകയും അവരിൽനിന്ന് പ്രവാസികൾ കണ്ട് പഠിക്കുകയും ചെയ്തതോടെയാണ് കനലടുപ്പുകൾക്ക് പ്രചാരം ലഭിക്കുന്നത്. മരുഭൂമിയിലെത്താൻ സാധിക്കാത്തവർ വീടകങ്ങൾ തന്നെ ഇറച്ചി ചുടാൻ തെരഞ്ഞെടുക്കുന്നു. എന്നാൽ ചെറിയ അശ്രദ്ധമൂലം വീട്ടിലെ ഇറച്ചി ചുടൽ വൻദുരന്തത്തിലേക്ക് നയിച്ചേക്കുമെന്നാണ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഇതേ സമയത്താണ് ഇറച്ചി ചുട്ട് കുടുംബസമേതം കിടന്നുറങ്ങിയ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് അത്തരത്തിലൊരു ദുരന്തം സംഭവിച്ചത്. സംഭവദിവസം ചുടാൻ ഉപയോഗിച്ച കനൽ പൂർണമായും അണക്കാത്തതിനാൽ അതിൽ നിന്ന് പുകപടലങ്ങൾ മുറിയിൽ നിറയുകയും അത് ശ്വസിച്ച് അബോധാവസ്ഥയിലാവുകയുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ഈ ദമ്പതികൾ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
കഴിഞ്ഞ ജൂലൈയിൽ ദുബൈയിലുണ്ടായ ദുരന്തത്തിൽ മരിച്ചത് രണ്ട് മലയാളി യുവാക്കളാണ്. പാചകത്തിന് ഉപയോഗിച്ച വിറകിൽ നിന്ന് ഉയർന്ന പുക ശ്വസിച്ചാണ് രണ്ടുപേരും മരിച്ചത്. 'ബാർബിക്ക്യു' പാകംചെയ്ത ശേഷം തീ പൂർണമായും അണക്കാതെ മുറിയിൽ കിടന്നുറങ്ങിയത് ആ യുവാക്കളെ മരണത്തിലാണ് കൊണ്ടെത്തിച്ചത്. വിറക് പുകയുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന കാർബൺ മോണോക്സൈഡ് ആണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. അതിന് നിറമോ മണമോ ഇല്ല. ഉറങ്ങിക്കിടക്കുന്നവർ മുറിക്കകത്ത് ഇത് നിറയുന്നത് അറിയാതെ അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴപ്പെടുകയുമാണ്. ചെറിയ അശ്രദ്ധകൊണ്ട് പൊലിയുന്നത് വിലപ്പെട്ട സ്വന്തം ജീവൻ തന്നെയാണ് എന്ന ബോധം ഓരോരുത്തരിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. യുവാക്കളാണ് പലപ്പോഴും ഇത്തരം അപകടങ്ങളിൽപെടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
അപകടം വരുന്ന വഴി...
ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഓക്സിജൻ ശരീരത്തിൽ എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. ഈ രക്താണുക്കൾ ഓക്സിജനെക്കാൾ വേഗത്തിൽ കാർബൺ മോണോക്സൈഡ് ആഗിരണം ചെയ്യുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. ശരീരത്തിൽ ഓക്സിജെൻറ അളവ് കുറയുകയും കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാവുകയും ചെയ്യുന്നതോടെ വിഷബാധ ഏൽക്കുന്ന വ്യക്തിക്ക് എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ സംജാതമാകുന്നു.
ശ്വസനവായുവിൽ കാർബൺ മോണോക്സൈഡിെൻറ അളവ് കൂടുമ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെെട്ടന്ന് തന്നെ ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി ഓക്സിജൻ നൽകുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ജീവൻതന്നെ അപകടത്തിലാകും.
തണുപ്പിൽനിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് മുൻകരുതൽ എടുക്കുന്നതിനും കോവിഡ് കാലത്തെ പിരിമുറുക്കത്തിൽനിന്ന് രക്ഷതേടി ഈ ശൈത്യകാലത്ത് അൽപം മാനസികോല്ലാസത്തിൽ ഏർപ്പെടാനും ആരോഗ്യസംരക്ഷണത്തിനും കത്തുന്ന വിറകും അതിൽ മൊരിയുന്ന ഇറച്ചിയുമൊക്കെ പ്രധാന ഘടകങ്ങളാകാം. ആഹാരമെല്ലാം കഴിച്ച് ഉറങ്ങുന്നതിനു മുമ്പ് നാം കൊളുത്തിവെച്ച കനലുകൾ നേരാംവണ്ണം അണച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. തണുപ്പിൽനിന്ന് രക്ഷതേടാൻ അപകടരഹിതമായ മാർഗങ്ങൾ മാത്രം അവലംബിക്കുകയും വേണം. അതിനുമാത്രമുള്ള തണുപ്പേ ഇവിടെയൊക്കെ നാം അനുഭവിക്കുന്നുള്ളൂ. അപകടങ്ങൾ വരുത്തിത്തീർക്കുന്ന കനലുകൾ ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും മനസ്സിൽനിന്ന് എത്ര കാലം കഴിഞ്ഞാലും അണയുകയില്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.