സ്നേഹപൂർവം യൂറോപ്പ്
text_fieldsയു.എ.ഇയിൽ പ്രവാസിയായ മുജീബ് കൂനാരിയുടെ യൂറോപ്യൻ പര്യടനം
അബൂദബിയില്‍ നിന്ന് ആഗസ്ത് 14നാണ് യൂറോപ്പിലെ നാല് രാജ്യങ്ങള്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. ജര്‍മനിയില്‍ ക്ലിനിക്ക് നടത്തുന്ന കസിന് ഡോ. അലി കൂനാരി യൂറോപ്പ് സന്ദര്‍ശനത്തിനായി ക്ഷണിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ജോലിത്തിരക്കിനിടയിൽ ദീര്‍ഘയാത്രക്കുള്ള സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ യൂറോപ്പ് യാത്രാമോഹം നീണ്ടുപോവുകയായിരുന്നു. ഈ വര്‍ഷത്തെ ജന്മദിനം ഡോ. അലിയുടെയും കുടുംബത്തിന്റെയും കൂടെ ആവണമെന്ന് അദ്ദേഹത്തിന് ഒരേ നിര്‍ബന്ധം. സ്നേഹോഷ്മളമായ ആ ക്ഷണം നിരസിക്കാന്‍ മനസ്സ് അനുവദിച്ചില്ല. ഈ ആഗ്രഹം സ്നേഹ സമ്പന്നയായ മേലധികരി ജര്‍മന്‍ സ്വദേശിനി നിക്കോളയോട് അവതരിപ്പിച്ചപ്പോള്‍ അവര്‍ ലീവ് അനുവദിക്കുകയും ഈ വര്‍ഷത്തെ ജന്മദിനം അവരുടെ നാട്ടിലാണ് ആഘോഷിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഏറെ സന്തോഷിക്കുകയും ചെയ്തു.
പലപ്പോഴായി അമേരിക്കയിലേക്കും ലണ്ടനിലേക്കും മറ്റുചില ചിലരാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിസ് എയര്‍ലൈനില്‍ എന്റെ കന്നിയാത്രയായിരുന്നു. അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് ശേഷം വിമാനം ഗ്രീസിലെ ഏതന്‍സ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോ, വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സ്വീകരിക്കാനായി വന്നവരോ പലരും മാസ്ക് ധരിച്ചതായി കണ്ടില്ല. എന്നാല്‍, മാസ്ക് ധരിച്ചു നടന്നു നീങ്ങുന്ന എന്നെ പലരും ആശ്ചര്യത്തോടെ നോക്കുന്നത് അത്ഭുതപ്പെടുത്തി. ബുക്ക് ചെയ്ത ഹോട്ടലിന്റെ പ്രതിനിധി സ്വീകരിക്കാനായി വാഹനവുമായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഗ്രീസിന്റെ പ്രൗഢി വിളിച്ചോതുന്ന മനോഹരമായ തെരുവീഥികളിലൂടെ വാഹനം എന്നെയും കൊണ്ട് അതിവേഗം മുന്നോട്ടു നീങ്ങി. താമസവും ഭക്ഷണവും ഉള്‍പ്പെടെ നല്ല സേവനമായിരുന്നു അവിടെ ലഭിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയ്ക്കാണ് ജര്‍മനിയിലേക്കുള്ള വിമാനം. ഗ്രീസിലെ ഏതന്‍സ് എയര്‍പോര്‍ട്ടില്‍ നിന്നും ജര്‍മനിയിൽ എനിക്ക് എത്തേണ്ട എയര്‍പോര്‍ട്ടിലേക്ക് മൂന്ന് മണിക്കൂര്‍ യാത്രയാണുള്ളത്. വൈകീട്ട് ആറരയോടെ വിമാനം ജര്‍മനിയിലെ സ്റ്റുഡ്ഗെറ്റ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ഷെങ്കന്‍ രാജ്യങ്ങളില്‍പ്പെട്ട ഏതെങ്കിലും രാജ്യത്ത് പ്രവേശിച്ചാല്‍ മറ്റൊരു ഷെങ്കന്‍ രാജ്യത്തും സുരക്ഷാപരിശോധന ഉണ്ടാവില്ല എന്ന കാരണത്താല്‍ തന്നെ എയര്‍പോര്‍ട്ടില്‍ യാതൊരുവിധ പരിശോധനയും നേരിടേണ്ടിവന്നില്ല. വിമാനത്താവളത്തിലെ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി അലിയെ വിളിച്ചു. ജര്‍മനിയിലെ മനോഹരമായ വഴിയോരക്കാഴ്ച്ചകള്‍ ആസ്വദിച്ച് ഒരുമണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബര്ത്ഡേ കേക്കും വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും തയ്യാറാക്കി അലിയും ഭാര്യയും എന്നെ ഞെട്ടിച്ചു. യൂറോപ്യന്‍ കെ.എം.സി.സിയുടെ പ്രസിഡന്റ് കൂടിയാണ് ഡോ. അലി. പിറ്റേദിവസം ജര്‍മനിയിലെ പല സുപ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. ജര്‍മന്‍ ഭരണകൂടത്തില്‍ നിന്നും ജനതയില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കി. അതില്‍ നല്ലതും നമുക്ക് യോജിച്ചു പോവാന്‍ കഴിയാത്തതുമായ കാര്യങ്ങളും ഉണ്ടായിരുന്നു. ഞായറാഴ്ചകളില്‍ നാട്ടിലെ ഹര്‍ത്താലിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടത്. പെട്രോള്‍ പമ്പുകളും ഭക്ഷണശാലകളും ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നിരുന്നു. ഇന്നത്തെ യാത്ര ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്കാണ്. സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതങ്ങളുടെ നഗരമെന്നും അറിയപ്പെടുന്ന സാംസ്കാരിക പ്രദേശം. യു.എന്‍ ഹെഡ് ഓഫീസും ഇവിടയാണ് സ്ഥിതി ചെയ്യുന്നത്. വേഗ പരിധിയില്ലാത്ത റോഡുകളും ഉള്ള റോഡുകളും താണ്ടിയാണീ സഞ്ചാരം. തുരങ്കങ്ങളില്‍ കൂടിയുള്ള യാത്ര ആനന്ദകരമായി തോന്നി. പച്ചപ്പരവതാനി വിരിച്ച മലകളും ചോളം കൃഷി ചെയ്യുന്ന വയലുകളും സൂര്യഗാന്ധി തോട്ടങ്ങളും അതിമനോഹരമായ കാഴ്ചകളായിരുന്നു. ഈ യാത്ര വിയെന്നയിലുള്ള യൂറോപ്യന്‍ കെ.എം.സി.സി സെക്രട്ടറി അസീസ് സാഹിബിനെ നേരില്‍ കാണാനും കൂടിയുള്ളതാണ്. പിറ്റേ ദിവസം വിയന്നയില്‍ കാണേണ്ട സ്ഥലങ്ങളെ കുറിച്ച് അദ്ദേഹവും മൂത്ത മകനും പറഞ്ഞു തന്നു.
ആല്‍പ്സ് പര്‍വത നിരകളിലേക്കായിരുന്നു അടുത്ത യാത്ര. റോഡിന്റെ ഇരുഭാഗങ്ങളിലും യൂറോപിന്റെ തനിമയും പ്രൗഢിയും വിളിച്ചോതുന്ന വീടുകളും മലകളും ചോളപ്പാടങ്ങളും സൂര്യകാന്തി കൃഷിയിടങ്ങളും പുഴയോരങ്ങളും കാണാം. സമുദ്ര നിരപ്പില്‍നിന്ന് 3798 മീറ്റര്‍ ഉയത്തിലുള്ള 30 മലകളുടെ സംഗമ സ്ഥാനത്തെത്തി. ജീവിതത്തില്‍ ഇന്നോളം ഇത്ര മനോഹരമായ കാഴ്ച ഞാന്‍ കണ്ടിട്ടില്ല. മേഘങ്ങള്‍ കൈയെത്തും ദൂരത്ത്. മുകളില്‍ നിന്നും താഴോട്ട് നോക്കിയാല്‍ ഹിമ മലകള്‍ കാണാം. ഇവിടെയുള്ള മ്യൂസിയത്തിനകത്തു കയറിയാൽ 5000 വർഷം മഞ്ഞില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ ഫോട്ടോ കാണാം. 6000 വർഷം മഞ്ഞില്‍ തണുത്തുറഞ്ഞു കിടന്ന മരം, മലകയറാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ അങ്ങിനെ ചെറുതും വലുതുമായ ഒരു പാട് പുതിയ കാഴ്ചകള്‍.
ഇന്നലത്തെ യാത്രയുടെ ചെറിയ ക്ഷീണം ഉണ്ടങ്കിലും രാവിലെതന്നെ എഴുന്നേറ്റ് വിയന്ന സിറ്റി കാണാൻ പുറപ്പെട്ടു. സൂര്യകാന്തി ചെടികളുള്ള പാതയോരങ്ങള്‍. ആപ്പിള്‍ത്തോട്ടങ്ങളും മുന്തിരി വള്ളികളും നിറഞ്ഞ വഴിയോര കാഴ്ചകളും കണ്ടു. ഹോഫ് ബര്‍ഗ് പാലസ്, ആല്ബെര്ട്ടീന മ്യൂസിയം, പഴമ നിലനിര്‍ത്തിക്കൊണ്ടുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങൾ, ഫിലിം ഫെസ്റ്റ് തുടങ്ങിയവ കാണാന്‍ കഴിഞ്ഞു.
(ഇനി സ്വിറ്റ്സർലൻഡിൽ കാണാം-അടുത്തയാഴ്ച)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.