സ്ത്രീയും വളർത്തുനായും വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ; സുഹൃത്തിന് പരിക്ക്
text_fieldsദുബൈ: ബർഷയിൽ സ്തീയെയും വളർത്തുനായെയും താമസ സ്ഥലത്ത് വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഫിലിപ്പീൻസ് സ്വദേശിയായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ മരിച്ച സ്ത്രീയുടെ സുഹൃത്താണ്. ഒരു വലിയ വില്ലയുടെ വാടകക്ക് നൽകിയ ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്.
ഏഷ്യക്കാരനായ വ്യക്തിയുടെ വില്ലയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബർഷയിലെ പൊലീസ് ഓപറേഷൻ റൂമിൽ വിവരം ലഭിച്ചത്.
പരിക്കേറ്റ സ്ത്രീ ഭക്ഷ്യ വിഷബാധയാണെന്ന സംശയമാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലുമാണ് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
വീട്ടിലെ ഇലക്ട്രിക് ജനറേറ്ററിൽ നിന്നാണ് വിഷവാതകം ഇവർ താമസിച്ച റൂമിൽ നിറഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നിലധികം കുടുംബങ്ങൾ ഒരു വില്ലയിൽ താമസിക്കുന്നതിനാൽ അധികൃതർ വീടിന്‍റെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.ഇതിനെ തുടർന്നാണ് ജനറേറ്റർ ഉപയോഗം തുടങ്ങിയത്. പരിശോധനക്കിടെ പൊലീസ് ജനറേറ്റർ ഓൺ ചെയ്തപ്പോൾ മിനിറ്റുകൾക്കകം ഇടനാഴികളിലും മുറികളിലും പുക നിറഞ്ഞു. ഫിലിപ്പീൻസ് യുവതി കിടന്നിരുന്നത് ജനറേറ്ററില നിന്ന് അകലത്തായതിനാലാണ് രക്ഷപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.
ജനറേറ്ററുകൾ ഉപയോഗിക്കുന്നവർ ആരോഗ്യ, സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്ന് പൊലീസ് ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് സൽമാൻ ആവശ്യപ്പെട്ടു. എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ പോലുള്ള ഉപകരണങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.