മയക്കുമരുന്ന് കേസിൽ സ്ത്രീക്ക് 10 വർഷം തടവ്
text_fieldsദുബൈ: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ 35 വയസ്സുള്ള അറബ് സ്ത്രീക്ക് 10 വർഷം തടവും 1,00,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബൈ കോടതി.
ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ദുബൈ ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം സ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾക്ക് കോടതി രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെ, യു.എ.ഇ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. അൽ ഖിയാദ മെട്രോ സ്റ്റേഷന് സമീപം അൽ തവാർ പ്രദേശത്ത് സ്ത്രീ മയക്കുമരുന്ന് കൈവശം വെക്കുന്നതായി ദുബൈ മയക്കുമരുന്ന് വിരുദ്ധ യൂനിറ്റിന് വിവരം ലഭിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റിങ് ഓപറേഷനിലൂടെ വീടിനടുത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാഹനം പരിശോധിച്ചപ്പോൾ ധാരാളം നിരോധിത വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. ഫോറൻസിക് പരിശോധനകളിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിക്കുകയും, ചോദ്യം ചെയ്യലിൽ രാജ്യത്തിന് പുറത്തുള്ള വ്യക്തിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സമ്മതിക്കുകയുമായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.