ഫാൽക്കൺറിയിൽ വനിതകളും
text_fieldsഅറേബ്യൻ പരമ്പരാഗത കായിക വിനോദമായ ഫാൽക്കൺറിയും യു.എ.ഇയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഫാൽക്കൺറിയിൽ വനിതകളുടെ പങ്ക് എടുത്തുകാണിക്കാനൊരുങ്ങുകയാണ് യു.എ.ഇ. നാഷനൽ എക്സിബിഷൻ സെൻററിൽ ഈ മാസം 27 ന് ആരംഭിക്കുന്ന 18 ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (അഡിഹെക്സ്) ഫാൽക്കൺറിയിലെ മുഖ്യ ആകർഷണമായിരിക്കും ഫാൽക്കൺറിയിലെ സ്ത്രീ പങ്കാളിത്തം. അഡിഹെക്സിെൻറ ഭാഗമായുള്ള 'ദ് ഫ്യൂച്ചർ ഓഫ് ഫാൽക്കൺറി' സമ്മേളനത്തിെൻറ പ്രധാന വിഷയങ്ങളിലൊന്നാണ് ഫാൽക്കൺറിയിൽ സ്ത്രീകളുടെ പങ്ക്.
യുനെസ്കോയുടെ സഹകരണത്തോടെ എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഫാൽക്കൺറി ആൻഡ് കൺസർവേഷൻ ഓഫ് ബേർഡ്സ് ഓഫ് പ്രിയും (ഐ.എ.എഫ്) സഹകരിക്കുന്നു. 90 രാജ്യങ്ങളിലെ 110 അസോസിയേഷനുകൾ ഐ.എ.എഫിൽ ഉണ്ട്. മൊത്തം 75,000 ലധികം ഫാൽക്കണർമാരാണുള്ളത്.
അൽ ദഫ്ര മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് മേള നടക്കുക. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്, അബൂദബി പരിസ്ഥിതി ഏജൻസി, ഹുബാര പക്ഷി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട്, അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ എന്നിവ പരിപാടിയുടെ സ്പോൺസർഷിപ്പ് വഹിക്കും.
വർഷംതോറും അബൂദബിയിൽ നടക്കുന്ന അഡിഹെക്സിൽ ഫാൽക്കൺറി, വേട്ട, സഫാരി എന്നിവയെകുറിച്ച് പഠിക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുതിരസവാരി, ഫാൽക്കൺറി തുടങ്ങിയ പരമ്പരാഗത കായിക വിനോദ മത്സരങ്ങളിലും പെൺകുട്ടികൾ പെങ്കടുക്കുന്നുണ്ട്. എട്ടു വയസ്സുള്ള ഇമറാത്തി ബാലിക ഓഷ ഖലീഫ അൽ മൻസൂരി വിവിധ മത്സരങ്ങളിലും എക്സിബിഷനുകളിലും തിളങ്ങുന്നു. നാല് വയസ്സുള്ളപ്പോൾ മുതൽ പ്രസിഡൻറ് കപ്പ് ഫാൽക്കൺ മത്സരത്തിൽ തുടർച്ചയായ വിജയങ്ങൾ നേടുന്നു. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീ ഫാൽക്കണറാണ് ഓഷ ഖലീഫ. അൽ ഐനിലെ മുഹമ്മദ് ബിൻ സായിദ് സ്കൂൾ ഓഫ് ഫാൽക്കൺറിയിൽ അറേബ്യൻ ഫാൽക്കൺറിയുടെ തത്വങ്ങളും ധാർമ്മികതയും നിയമങ്ങളും പ്രാചീന കലാഭ്യാസങ്ങളും പഠിപ്പിക്കുന്നുണ്ട്. 2018 മുതൽ ഫാൽക്കണർമാർ ഇവിടെ പരിശീലനം നേടുന്നു. അറേബ്യൻ ഫാൽക്കൺറി കലയും മരുഭൂമിയിലെ ജീവിത തത്വങ്ങളും പഠിക്കാൻ ഉത്സുകരായ വിദ്യാർത്ഥികളുടെ വലിയ ഒഴുക്കാണ് ഈ സ്കൂളിലുള്ളത്. ഇതുവരെ 1,163 പുരുഷന്മാരും 858 സ്ത്രീകളും ഉൾപ്പെടെ 2,021 വിദ്യാർത്ഥിൾ പരിശീലനം നേടി.
ദേശീയ സ്വത്വങ്ങളും സമൂഹത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാൻ ഇമാറാത്തി സ്ത്രീകൾ ശ്രദ്ധാലുക്കളാണെന്ന് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനത്തിെൻറ ഉന്നത സംഘാടക സമിതി ചെയർമാനും ഐ.എ.എഫ് പ്രസിഡൻറും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സെക്രട്ടറി ജനറലുമായ മജീദ് അലി അൽ മൻസൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.