അടിയന്തരഘട്ടങ്ങളിൽ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ടെന്ന് നിയമം
text_fieldsദുബൈ: അടിയന്തരഘട്ടങ്ങളിൽ ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് യു.എ.ഇയിൽ പുതിയ നിയമം. സ്വന്തം ജീവനോ കുട്ടിയോ അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താം.
നേരത്തേ നിയമപ്രകാരം ഭ്രൂണം 120 ദിവസം വളർച്ചയെത്തുന്നതിന് മുമ്പ് മാത്രമേ യു.എ.ഇയിൽ ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളൂ. അതും, പിറക്കാൻ പോകുന്ന കുഞ്ഞിന് പിന്നീട് ജീവൻ അപകടത്തിലാകുന്ന അവസ്ഥകളുണ്ടെന്ന് വ്യക്തമായാൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അനുമതി നൽകിയിരുന്നത്.
എന്നാൽ, ഒക്ടോബറിൽ നിലവിൽവന്ന പുതിയ നിയമമനുസരിച്ച് വനിതകൾക്ക് സ്വന്തമായി ഇക്കാര്യത്തിൽ സമ്മതം നൽകാം. തന്റെയോ കുഞ്ഞിന്റെയോ ജീവൻ അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഇതിന് ആവശ്യമാണ്.
ഗർഭിണിക്ക് സമ്മതം നൽകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ ജീവൻ രക്ഷിക്കാൻ ഭർത്താവിനോ രക്ഷാകർത്താവിനോ ഗർഭഛിദ്രത്തിന് സമ്മതം നൽകാമെന്നും നിയമരംഗത്തുള്ളവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ ഗർഭഛിദ്രത്തിന് നിശ്ചയിച്ചിരുന്ന കാലപരിധി സംബന്ധിച്ച് പുതിയ നിയമത്തിൽ നിബന്ധനകളില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തേ, ചില ആശുപത്രികളിൽ മാത്രമേ യു.എ.ഇയിൽ ഗർഭഛിദ്രം നടത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ സ്വകാര്യ ആശുപത്രികളിലും ഇതിന് അനുമതിയുണ്ട്.
വാടക ഗർഭധാരണം കുറ്റകരമല്ലാതാക്കിയതും അവിവാഹിതരായ സ്ത്രീകൾക്ക് കൃത്രിമഗർഭധാരണത്തിന് അനുമതി നൽകിയതുമടക്കമുള്ള നിയമമാറ്റങ്ങളുടെ തുടർച്ചയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.