ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച്
text_fieldsഷാർജ: എമിറേറ്റിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് തീരുമാനം.
ഖോർഫക്കാനിലെ ലുഅ്ലുഇയ്യ ബീച്ചിൽ 500 മീറ്റർ പ്രദേശമാണ് സ്ത്രീകളുടെ മാത്രമായി നിശ്ചയിച്ചത്. ഖോർഫക്കാൻ നഗരത്തിലെ അൽ ബർദി 6, അൽ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാൽനട പാലം നിർമിക്കാനും ഷാർജ ഭരണാധികാരി നിർദേശം നൽകി.
ഷാർജയിലെ ഡയറക്ട് ലൈൻ റേഡിയോ പരിപാടിയിൽ ഷാർജ ആർ.ടി.എ ചെയർമാൻ യൂസഫ് ഖമീസ് അൽ ഉഥ്മാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ പാലം രണ്ട് പ്രദേശങ്ങൾക്കിടയിലെ താമസക്കാരുടെ സഞ്ചാരത്തിന് ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹയാവ മേഖലയിലെ ഇന്റേണൽ റോഡുകളിൽ ആർ.ടി.എ നവീകരണം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മനോഹരമായ കടൽത്തീരങ്ങളുള്ള ഷാർജ എമിറേറ്റിൽ സ്ത്രീകൾക്കായി പ്രത്യേകം ബീച്ച് നിശ്ചയിച്ചത് നിരവധി താമസക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്. ഷാർജയിൽ വേനൽക്കാല വിനോദങ്ങൾക്കായി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായിട്ടുണ്ട്.
സായാഹ്നങ്ങളിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ കഴിയുന്ന വിധമാണ് ഈ അവധിക്കാല മേള ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ചു മുതലാണ് ബീച്ച് ഫെസ്റ്റിവൽ വേദി സജീവമാവുക.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായാണ് ബീച്ച് ഫെസ്റ്റിവൽ വിഭാവനം ചെയ്തിരിക്കുന്നത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അഥവാ ഷൂരൂഖ് ആണ് മേളയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.