ലോക വനിതദിനം; ആശംസകൾ നേർന്ന് ഭരണാധികാരികൾ
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും
ലോക വനിതദിനത്തിൽ യു.എ.ഇയിലേയും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആശംസകൾ നേർന്ന് യു.എ.ഇയിലെ ഭരണാധികാരികൾ.
എല്ലാ രംഗത്തും നേട്ടങ്ങൾ കൈവരിക്കുകയും നിർണായക സ്വാധീനശക്തിയായി മാറുകയും ചെയ്ത ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് നന്ദി അറിയിക്കുന്നതായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശംസ സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി ശാശ്വതമായ പുരോഗതിയും വികസനവും വളർത്തിയെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ സ്ത്രീകളുടെയും സംഭാവനകളെ ഞങ്ങൾ ആഘോഷിക്കുകയാണെന്ന് എക്സ് സന്ദേശത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ നേട്ടങ്ങൾ, പ്രതിരോധശേഷി, സംഭാവനകൾ എന്നിവയെ അംഗീകരിക്കുന്നതിനായാണ് മാർച്ച് എട്ട് ആഗോള വനിതദിനമായി ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ചത്. മികച്ച നേട്ടങ്ങളിലൂടെയും നിർണായക സ്വാധീനങ്ങളിലൂടെയും ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നത് തുടരുന്ന യു.എ.ഇയിലെയും ലോകമെമ്പാടുമുള്ള മുഴുവൻ സ്ത്രീകളോടും ആത്മാർഥ നന്ദി പ്രകാശിപ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
സ്ത്രീ ജനങ്ങളുടെ ഔദാര്യത്തെയും, മികച്ച സമൂഹത്തെയും രാഷ്ട്രത്തെയും കെട്ടിപ്പടുക്കുന്നതിനായി അവർ നൽകിയ സംഭാവനകളെയും ത്യാഗത്തെയും നിശ്ചയദാർഢ്യത്തെയും ലോക വനിതദിനത്തിൽ ഞങ്ങൾ ആഘോഷിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. ജീവിതത്തിന്റെ കാതലും ആത്മാവുമെല്ലാം സ്ത്രീകളാണ്. അവർ തലമുറകളെ വളർത്തുന്നവരും വീരന്മാരായ പൗരന്മാരെ സൃഷ്ടിക്കുന്നവരുമാണെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. പരിശ്രമങ്ങളിലൂടെയും സമർപ്പണത്തിലൂടെയും സ്വന്തം രാജ്യത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകി ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് സല്യൂട്ട് അർപ്പിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ ആഗ്രഹങ്ങൾ നേടുന്നതിനും എല്ലാ മേഖലകളിലും രാഷ്ട്ര സേവനത്തിനുമായി വിഭവങ്ങളും പങ്കുവെക്കുന്നതിലും ഒരു മാതൃകയായി യു.എ.ഇ നിലകൊള്ളുകയാണെന്നും അദ്ദേഹം വനിതദിന ആശംസ സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇയുടെ വികസനത്തിൽ അടിസ്ഥാനപരമായ പങ്കാണ് സ്ത്രീകൾ വഹിക്കുന്നതെന്ന് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് പറഞ്ഞു. ആഗസ്റ്റ് 28നാണ് യു.എ.ഇ വനിതദിനമായി ആചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.