വനിത ടി20 ലോകകപ്പ് ട്രോഫി ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രദർശിപ്പിക്കും
text_fieldsഷാർജ: ഐ.സി.സി വനിത ടി20 ലോകകപ്പ് ട്രോഫി ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രദർശിപ്പിക്കും. സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 8.30ന് ട്രോഫി സ്കൂളിലെത്തും. വിദ്യാർഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങി 2500ലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.
ഒന്നര മണിക്കൂർ നീളുന്ന പരിപാടിയിൽ സ്കൂളിന്റെ സാംസ്കാരിക വൈവിധ്യവും പ്രതിഭയും പ്രകടമാക്കുന്ന പ്രകടനങ്ങൾ അരങ്ങേറും. സ്കൂളിലെ പൊലീസ് കാഡറ്റുകളും ഗൈഡുകളും ഗാർഡ് ഓഫ് ഓണർ നൽകി ടീമിനെ പ്രവേശനകവാടത്തിൽ സ്വീകരിക്കുകയും മാർച്ച് പാസ്റ്റിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്റ്റേജിലേക്ക് നയിക്കുകയും ചെയ്യും.
ഐ.സി.സി വനിത ടി20 ലോകകപ്പ് ടൂർണമെന്റിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകരുമായി ഇടപഴകുന്നതിനും വനിത ക്രിക്കറ്റിനെ ആഘോഷിക്കുന്നതിനും ഭാവി തലമുറയിലെ കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നതിനുമുള്ള ഐ.സി.സിയുടെ സംരംഭത്തിന്റെ ഭാഗമായാണിത്.
ഐ.സി.സി വനിത ടി20 ലോകകപ്പ് ട്രോഫി ടൂർണമെന്റ് ഒക്ടോബർ മൂന്നിന് തുടങ്ങും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും. 17, 18 തീയതികളിലാണ് സെമി ഫൈനൽ. ഒക്ടോബർ 20ന് ദുബൈയിലാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.