നയാഗ്രയിലെ ജലവിസ്മയം
text_fieldsറോചസ്റ്റർ സിറ്റിയിലെ നസ്രത്ത് കോളജ് മേയിൽ സംഘടിപ്പിച്ച ഒരു അക്കാദമിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ലഭിച്ച അവസരമാണ് അമേരിക്കൻ സന്ദർശനത്തിന് വഴിയൊരുക്കിയത്. അമേരിക്കൻ യാത്ര ഉറപ്പായതുമുതൽ അവിടെ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരേകദേശ ധാരണയിൽ എത്തിയിരുന്നു. അമേരിക്കയിലെ ടൂറിസ്റ്റ് അട്രാക്ഷനുകളിൽ മുൻപന്തിയിലാണ് നയാഗ്രയുടെ സ്ഥാനം. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മനസ്സിൽ കയറിക്കൂടിയ നയാഗ്ര വെള്ളച്ചാട്ടം നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. അങ്ങനെയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു നയാഗ്ര സന്ദർശനം.
മേയ് 24ന്, സമ്മേളനം കഴിഞ്ഞ് മൂന്നുമണിയോടെ നസ്റത്ത് കോളജിൽനിന്ന് യാത്ര തിരിച്ചു. റോചസ്റ്റർ സിറ്റിയിൽനിന്ന് 140 കിലോമീറ്ററോളം ദൂരമുണ്ട് നയാഗ്രയിലേക്ക്. ഏഴുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന വിശാലമായ എം.പി.വി കാറിലാണ് യാത്ര. നസ്രത്ത് കോളജിലെതന്നെ ബിരുദവിദ്യാർഥികളും സമ്മേളന വളന്റിയർമാരുമായ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഞാനുമടങ്ങുന്നതാണ് യാത്രാസംഘം. ഇത്യേപ്യൻ വംശജയായ ബിരുദ വിദ്യാർഥിനി സബൂറയാണ് ൈഡ്രവർ. നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുംമുമ്പേ, നയാഗ്ര നദി കാണാം. നദിക്കു കുറുകെയുള്ള പാലം കടക്കുമ്പോൾ, അകലെ വെള്ളച്ചാട്ടത്തിൽ ചിന്നിച്ചിതറുന്ന ജലകിരണങ്ങൾ പുകപോലെ ആകാശത്തോളം ഉയർന്നുനിൽക്കുന്നുണ്ടാകും. താരതമ്യേനെ കുറഞ്ഞ ദൂരമുള്ള ഈ യാത്രയിൽതന്നെ മഴയും വെയിലും മഞ്ഞുമൊക്കെ മാറിമറിയുന്ന പല കാലാവസ്ഥകളും ആസ്വദിക്കാം.
നയാഗ്രയിൽ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണ് നയാഗ്ര. ഹോഴ്സ്ഷൂ, ൈബ്രഡൽ വീൽ ഫാൾസ്, അമേരിക്കൻ ഫാൾസ് ഈ മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്ര. 57 മീ. ഉയരവും 790 മീ. നീളവുമുള്ള ഹോഴ്സ് ഷൂ വെള്ളച്ചാട്ടമാണ് ഏറ്റവും വലുതും മനോഹരവും. ഇത് കാനഡയുടെ ഭാഗവും മറ്റു രണ്ട് വെള്ളച്ചാട്ടങ്ങൾ യു.എസിന്റെ ഭാഗവുമാണ്. ന്യൂയോർക് സ്റ്റേറ്റിന്റെയും കാനഡയുടെ ഓന്റാറിയോ പ്രോവിൻസിന്റെയും ഇടയിലായാണ് പ്രകൃതി ഒരുക്കിയ ഈ വിസ്മയം. അമേരിക്കൻ സൈഡിലെ വെള്ളച്ചാട്ടങ്ങൾക്ക് 30 മീറ്ററാണ് ഉയരം. ഹുറോൻ, സെന്റ് ക്ലയർ, സുപ്പീരിയർ, മിഷിഗൺ, എറീ എന്നീ തടാകങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് നയാഗ്രയിൽ വെള്ളച്ചാട്ടമായി പതിക്കുന്നത്. ആ ജലം പിന്നെ ഒഴുകുന്നത് ഓന്റാറിയോ ലേക്ക് എന്ന വലിയ തടാകത്തിലേക്കാണ്. സെക്കൻഡിൽ ശരാശരി 700000 ഗാലൻ വെള്ളമാണ് നയാഗ്രയിൽ പതിക്കുന്നുത്. വെള്ളം പതിക്കുന്ന ഭാഗത്ത് സ്വാഭാവികമായി രൂപപ്പെടുന്ന ചുഴിക്ക് 39 മീ. ആഴമുണ്ട്.
നയാഗ്ര ഒരു ചെറുപട്ടണമാണ്. അമേരിക്കയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതിനാൽ ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റു വിനോദ വ്യവസായങ്ങൾ ഒക്കെയാണ് ഇവിടെ കൂടുതലും. മേയ് സീസണല്ലാത്തതിനാൽ വലിയ തിരക്കുണ്ടായിരുന്നില്ല. അമേരിക്കൻ സൈഡിലുള്ള വെള്ളച്ചാട്ടത്തിനരികിലായി മനോഹരമായി സംവിധാനിച്ചിട്ടുള്ള പാർക്കിലിരുന്നാൽ നയാഗ്ര നദി കാണാം. ഈ നദിയിലൂടെ അതിവേഗം കുത്തിയൊഴുകുന്ന വെള്ളത്തിന്റെ കാഴ്ച ആശ്ചര്യം നിറക്കും. ഈ പാർക്കിന്റെ ഒരറ്റം അവസാനിക്കുന്നത് അമേരിക്കൻ ഫാൾസിനു സമീപമാണ്. അരികിൽനിന്ന് കാണാവുന്നതും ഈ വെള്ളച്ചാട്ടമാണ്.
കനേഡിയൻ ഭാഗത്തുനിന്നുള്ള ആകാശ വീക്ഷണമാണ് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മനോഹരമായ െഫ്രയിം. മണ്ണിൽനിന്നെടുക്കുന്ന ഒരു ചിത്രത്തിനും നയാഗ്രയെ പൂർണമായും പകർത്താൻ കഴിയില്ല. നയാഗ്രയുടെ ഏറ്റവും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഉയരം കൂടിയ ഹോട്ടലുകളും ഒബ്സർവേറ്ററി ടവറുമൊക്കെ ഒന്റാറിയോ നഗരത്തിൽ, ഈ വെള്ളച്ചാട്ടത്തിനു സമീപമായി കാണാം. യു.എസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന നയാഗ്ര നദിക്കു കുറുകെയുള്ള പാലത്തിൽനിന്നുള്ള വീക്ഷണവും അതിമനോഹരമാണ്. എന്നാൽ, കനേഡിയൻ വിസയുണ്ടെങ്കിലേ ആ പാലത്തിലേക്കുപോലും പ്രവേശനമുള്ളൂ.
The Maid of the mist
നയാഗ്ര വെള്ളച്ചാട്ടത്തിനരികിലൂടെയുള്ള ബോട്ട് സവാരി നൽകുന്ന അനുഭവമാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. The Maid of the mist എന്നാണ് ബോട്ട് യാത്രയുടെ പേര്. പേരു സൂചിപ്പിക്കുംപോലെ വെള്ളച്ചാട്ടത്തിന്റെ ആഘാതത്തിൽ അന്തരീക്ഷത്തിൽ നിറയുന്ന ജലകണികകൾ തീർക്കുന്ന മൂടൽമഞ്ഞിനുള്ളിലൂടെയുള്ള ബോട്ട് സവാരിയാണിത്. ഏകദേശം 20 മിനിറ്റോളം നീളുന്ന ബോട്ട്സവാരി യു.എസും കാനഡയും അതത് തീരങ്ങളിൽനിന്ന് സംഘടിപ്പിക്കുന്നുണ്ട്. 28 ഡോളറാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റെടുത്ത് അകത്തുകടന്നാൽ നദിക്കരയിലേക്ക് നീളുന്ന ഒരു അർധപാലമുണ്ട്. അതിന്റെ ഏറ്റവും ഒടുവിൽ എത്തിയാൽ ഹോഴ്സ്ഷൂ വെള്ളച്ചാട്ടംകൂടി നന്നായി കാണാൻ കഴിയുംവിധം ഒരു ഒബ്സർവേറ്ററിയുണ്ട്. സമീപത്തുള്ള വലിയ ലിഫ്റ്റിൽ താഴേക്കിറങ്ങി നദിക്കരയിലെ ബോട്ടുജെട്ടിയിലെത്താം. അവിടെ നിന്ന് ധരിക്കാൻ നീലനിറത്തിലുള്ള മഴക്കോട്ട് ലഭിക്കും. തലയടക്കം മൂടുന്ന ആ മഴക്കോട്ട് കൃത്യമായി ധരിച്ചില്ലെങ്കിൽ നനഞ്ഞുകുളിക്കും.
കനേഡിയൻ തീരത്തുനിന്ന് കയറുന്നവർക്കിത് ചുവന്ന മഴക്കോട്ടാണ്. ഈ ബോട്ടുകളിലെ സഞ്ചാരികളുടെ മഴക്കോട്ടിന്റെ നിറം നോക്കിയാൽ മതി, അവർ ഏതു രാജ്യത്തെ ടൂറിസ്റ്റുകളാണെന്നറിയാം. ബോട്ട് വെള്ളച്ചാട്ടത്തിനു സമീപമെത്തുമ്പോൾ ഗാലൻ കണക്കിന് വെള്ളം മുന്നിൽ പർവതസമാനം ഉയർന്നുനിൽക്കുന്നതായി തോന്നും. മൂന്ന് വെള്ളച്ചാട്ടങ്ങളുടെയും അരികിൽനിന്നുള്ള കാഴ്ച, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വെള്ളത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.