ലോക ചെസ് കിരീടപ്പോര് തുടങ്ങി
text_fieldsലോക ചെസ് ചാമ്പ്യൻഷിപ്പ് യു.എ.ഇയിൽ എത്തിയിരിക്കുന്നു. ഇമാറാത്തികളുടെ ഒഴിവുസമയത്തെ പ്രധാന വിനോദങ്ങളിലൊന്നായ ചെസിെൻറ ആഗോള മൽസരം എക്സ്പോ 2020ദുബൈ വേദിയിലാണ് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണ്, റഷ്യയുടെ ഇയാൻ നെപോംനിയാച്ചിയാണ് വെല്ലുവിളി ഉയർത്തി രംഗത്തുള്ളത്. കോവിഡ് കാലത്ത് നിലച്ചുപോയ ലോകചാമ്പ്യൻഷിപ്പിനെ ഏറെ ആഹ്ലാദപൂർവ്വമാണ് ഇമാറാത്ത് രാജ്യത്തേക്ക് സ്വീകരിക്കുന്നത്.
2020ലെ ചാമ്പ്യൻഷിപ്പ് കോവിഡ് കാരണം എക്സ്പോയിലേക്ക് മാറ്റുകയായിരുന്നു. നവംബർ 24ന് തുടങ്ങി ഡിസംബർ 16 വരെ ദുബൈ എക്സിബിഷൻ സെൻററിലാണ് മൽസരങ്ങൾ നടക്കുന്നത്. ഇപ്പോൾ 31കാരനായ കാൾസൺ 13ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായ വ്യക്തിയാണ്. 2013ൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ച് ആദ്യമായി ലോക ചാമ്പ്യനായപ്പോൾ ചെസ് ലോകത്തിന് അതൊരു അത്ഭുതം തന്നെയായിരുന്നു. പിന്നീട് 2016ലും 2018ലും അദ്ദേഹം ലോക കിരീടം നേടിയെടുത്തു.
19ാം വയസിൽ ചെസിലെ ലോക ഒന്നാം നമ്പർ പദവിയിലേക്ക് എത്തിപ്പെട്ട കാൾസെൻറ ചുവടുകൾ ആവേശപൂർവമാണ് ചെസ് ആരാധകർ നോക്കിക്കാണുന്നത്. സ്വന്തം ഗുരുവായ ഗാരി കാസ്പറോവിനെ പോലും മറികടന്ന് റേറ്റിങിലും ചരിത്രം കുറിച്ച വ്യക്തിയാണ് കാൾസൺ. അതിസമർഥമായ നീക്കങ്ങളുമായി എതിരാളികളെ ചക്രവ്യൂഹത്തിലകപ്പെടുത്തുന്ന ഇദ്ദേഹം, ചെസിലെ ഗ്ലാമർ മുഖങ്ങളിലൊന്നാണ്. ചാമ്പ്യൻമാരുടെ അന്തകൻ എന്നറിയപ്പെടുന്ന റഷ്യയുടെ ഇയാൻ നെപോംനിയാച്ചി വലിയ വെല്ലുവിളിതന്നെയാണ് കാൾസണ് ഉയർത്തുന്നത്. യൂറോപ്യൻ വ്യക്തിഗത ചാമ്പ്യൻ, രണ്ടുതവണ റഷ്യൻ ചാമ്പ്യൻ, ലോകകപ്പ് നേടിയ റഷയൻ ടീമംഗം എന്നീ നേട്ടങ്ങൾക്കുടമയാണ് ഇദ്ദേഹം.
കഴിഞ്ഞ വർഷം നടന്ന കാൻഡിഡേറ്റ്സ് ടൂർണമെൻറിൽ വിജയിച്ചാണ് കാൾസണെ നേരിടാനെത്തിയിരിക്കുന്നത്. ഇയാനും 31ാം വയസിലാണ് ലോക കിരീടത്തിനായി മാറ്റുരക്കുന്നത്. അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദ് ഇത്തവണ ചാമ്പ്യൻഷിപ്പിൽ കമേൻററ്ററായി എത്തുന്നുണ്ട്. കാൾസണ് തന്നെയാണ് ആനന്ദ് സാധ്യത കൽപിക്കുന്നതെങ്കിലും മൽസരം കടുത്തതായിരിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. നിലവിൽ പൂർത്തിയായ മൂന്ന് ഗെയിമുകളും ആവേശകരമായ സമനിലയിലാണ് അവസാനിച്ചിരിക്കുന്നത്. 20ലക്ഷം ഡോളർ(ഏകദേശം 15കോടി രൂപ) ആണ് ഇരുവർക്കുമായി ലഭിക്കുന്ന സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.