ലോകോത്തര റോഡുകൾ; ഗതാഗതസൂചികയിൽ ദുബൈ മുന്നിൽ
text_fieldsദുബൈ: റോഡ് സൗകര്യങ്ങളിൽ ലോകത്തെ വൻകിടനഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ദുബൈക്ക് വീണ്ടും അംഗീകാരം. ഗതാഗതരംഗത്ത് നിരീക്ഷണ വൈദഗ്ധ്യമുള്ള ബഹുരാഷ്ട്ര കമ്പനിയായ ടോം ടോമിന്റെ 2022ലെ ട്രാഫിക് ഫ്ലോ സൂചികയിൽ ലോക നഗരങ്ങൾക്കിടയിൽ അസാധാരണ സ്ഥാനമാണ് ദുബൈ കരസ്ഥമാക്കിയിരിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെ 56 രാജ്യങ്ങളിലായി 390 നഗരങ്ങളിലെ 54.3 കോടി കി.മീറ്റർ റോഡ് ശൃംഖലകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
റിപ്പോർട്ടിൽ ലോസ് ആഞ്ജലസ്, സിഡ്നി, ബെർലിൻ, റോം, മിലൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള നഗരങ്ങളെ ദുബൈ മറികടന്നിട്ടുണ്ട്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ 10 കി.മീറ്റർ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ശരാശരി സമയത്തിന്റെ കാര്യത്തിലാണ് ലോക നഗരങ്ങളേക്കാൾ മികവ് പുലർത്താൻ കഴിഞ്ഞത്. ഇവിടെ യാത്രചെയ്യാൻ 10 കിലോമീറ്ററിന് 12 മിനിറ്റ് യാത്രാസമയം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മറ്റു നഗരങ്ങളിൽ 10 കി.മീറ്ററിന് ശരാശരി 21 മിനിറ്റാണ് യാത്രാ സമയം. സൂചികയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച നഗരം നെതർലൻഡിലെ അൽമേ ആണ്. 10 കി.മീറ്ററിന് എട്ടു മിനിറ്റാണ് ഇവിടെ ശരാശരി സമയം. പട്ടികയിൽ ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവെക്കുന്ന ലണ്ടൻ നഗരത്തിൽ 10 കി.മീറ്ററിന് 36 മിനിറ്റ് സമയമെടുക്കുന്നുണ്ട്.
നഗരമേഖലയിലെ ഗതാഗതത്തിൽ ഏറ്റവും മികവുപുലർത്തുന്ന നഗരങ്ങൾക്കൊപ്പമാണ് ദുബൈ ഇടംപിടിച്ചിട്ടുള്ളത്. 10 കി.മീറ്റർ സഞ്ചരിക്കാൻ ഒമ്പതു മിനിറ്റ് സമയമാണ് ദുബൈയിൽ രേഖപ്പെടുത്തിയത്. ശരാശരി 59 കി.മീറ്റർ വേഗതയിൽ ഡ്രൈവ് ചെയ്യാനും സാധിക്കും. ശരാശരി 74 കിലോമീറ്റർ വേഗതയിൽ 10 കി.മീറ്ററിന് 7 മിനിറ്റും 40 സെക്കൻഡും മാത്രം ആവശ്യമുള്ള യു.എസിലെ ഗ്രീൻസ്ബറോ നഗരമാണ് ഏറ്റവും മുന്നിലുള്ളത്. അതേസമയം, ഏറ്റവും കുറവ് പ്രകടനം നടത്തുന്ന നഗരം കൊളംബിയയിലെ ബൊഗോട്ടയാണ്. 10 കിലോമീറ്ററിന് 24 മിനിറ്റും ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററുമാണ്.
റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ അൽ തായർ ദുബൈയുടെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടും ദുബൈയെ ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള നയത്തിന് അനുസരിച്ച നടപടികളുമാണ് നേട്ടത്തിന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.