വന്യജീവി സംരക്ഷണത്തിന് ലോകോത്തര സാങ്കേതിക വിദ്യ
text_fieldsവന്യജീവികളുടെ സംരക്ഷണത്തിന് അത്യാധുനിക സാങ്കേതിക വിദ്യകളുമായി അൽഐൻ മൃഗശാല. നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിച്ച സാങ്കേതിക വിദ്യകളാണ് മൃഗശാലയിൽ പരീക്ഷിക്കാനൊരുങ്ങുന്നത്. മൃഗങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ, നിരീക്ഷണം, ജനിതക പഠനം, മൃഗസംരക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിലൊക്കെ ആധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. മൃഗശാലയിൽ ഇപ്പോൾ 4,000ഓളം മൃഗങ്ങളുണ്ട്.
സൂ അക്വേറിയം അനിമൽ മാനേജ്മെന്‍റ് സോഫ്റ്റ്വെയറാണ് (ZIMS) ഇവിടെ ഉപയോഗിക്കുന്നത്. മൃഗങ്ങളെയും അവയുടെ പരിസ്ഥിതിയെയും കുറിച്ചുള്ള ഏറ്റവും മികച്ചതും വിശ്വസനീയവുമായ വിവര സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട് ഈ സോഫ്റ്റ്‌വെയർ. കൂടാതെ, ജീവജാലങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കാൻ മൃഗശാല വിപുലമായ പരിപാടികൾ നടത്തുന്നുണ്ട്. പുനരുൽപ്പാദനത്തിന് സഹായിക്കാൻ മൃഗങ്ങളെ കാട്ടിലേക്ക് വിടാനുള്ള പദ്ധതികളുമുണ്ട്. മൃഗങ്ങളുടെ മുഖം തിരിച്ചറിയൽ, ഡി.എൻ.എ വിശകലനം തുടങ്ങിയവയെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്നു.
നാം സാങ്കേതികവിദ്യയുടെ യുഗത്തിലാണ് ജീവിക്കുന്നതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അൽഐൻ മൃഗശാല ആൻഡ് അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി പറഞ്ഞു. മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും അവയുടെ പെരുമാറ്റ രീതികൾ പഠിക്കുന്നതിലും ആരോഗ്യം നിരീക്ഷിക്കുന്നതിനുമാണ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത്. ഇതിന് വളരെ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും ഈ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. 54 വർഷത്തെ പാരമ്പര്യമുള്ള മൃഗശാലയിൽ 47 വയസ്സുള്ള ലാപ്പറ്റ് മുഖമുള്ള കഴുകൻ, 36 വയസ്സുള്ള ചിമ്പാൻസി, 34 വയസ്സുള്ള മഗ്ഗർ മുതല തുടങ്ങിയവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.