ലോകകപ്പ്: എയർലൈനുകൾ കൂട്ടിച്ചേർത്തത് ലക്ഷം സീറ്റുകൾ
text_fieldsദുബൈ: ലോകകപ്പ് കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയർലൈനുകൾ അധികമായി കൂട്ടിച്ചേർത്തത് 1,10,000 സീറ്റുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നുശതമാനം അധിക സീറ്റുകളാണ് എയർലൈനുകൾ കൂട്ടിച്ചേർത്തത്. നവംബറിൽ ദുബൈ വിമാനത്താവളം കൈകാര്യം ചെയ്തത് 4.23 ദശലക്ഷം യാത്രക്കാരെയാണ്. ഏവിയേഷൻ ഏജൻസിയായ ഒ.എ.ജിയുടെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ലോകത്ത് ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ഗ്ലോബൽ വിമാനത്താവളമെന്ന റെക്കോഡ് നവംബറിലും ദുബൈ നിലനിർത്തി. അതേസമയം, ഏറ്റവും തിരക്കേറിയ ഇന്റർനാഷനൽ എയർപോർട്ടുകളുടെ പട്ടികയിൽ ദുബൈയാണ് ഒന്നാമത്. ലണ്ടനിനെ ഹീത്രൂ രണ്ടാം സ്ഥാനത്തെത്തി. പാരിസ്, ഇസ്തംബൂൾ, ആംസ്റ്റർഡാം, സിംഗപ്പൂർ, ഫ്രാങ്ക്ഫർട്ട്, ദോഹ, മഡ്രിഡ്, സോൾ എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. ലോകകപ്പ് നടക്കുന്ന ഖത്തറിലെ ദോഹ 13ാംസ്ഥാനത്തുനിന്നാണ് എട്ടാം റാങ്കിലെത്തിയത്. ലോകകപ്പിന്റെ ഭാഗമായി ഖത്തർ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന നഗരമാണ് ദുബൈ. ദിവസേന നൂറിലേറെ ഷട്ടിൽ സർവിസാണ് ഖത്തറിലേക്ക് നടത്തുന്നത്. എന്നാൽ, ഇതിൽ ഭൂരിപക്ഷവും ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽനിന്നാണ് പുറപ്പെടുന്നതും തിരിച്ചെത്തുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.