ലോകകപ്പ് ക്രിക്കറ്റ് ലീഗ്: തിരിച്ചുവരവുമായി യു.എ.ഇ
text_fieldsദുബൈ: അമേരിക്കയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ലീഗ് സമാപിച്ചപ്പോൾ മികച്ച തിരിച്ചുവരവുമായി യു.എ.ഇ. ആദ്യ രണ്ട് മത്സരങ്ങൾ പരാജയം രുചിച്ച ടീം അവസാന രണ്ട് മത്സരങ്ങളിൽ ഉജ്ജ്വല വിജയത്തോടെയാണ് തിരിച്ചുവന്നത്. മലയാളി താരം റിസ്വാൻ റഊഫിന്‍റെയും വ്രിത്യാ (vritya) അരവിന്ദിന്‍റെയും മികച്ച പ്രകടനമാണ് യു.എ.ഇക്ക് വിജയമേകിയത്.
സ്കോട്ട്ലൻഡിനെതിരായ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനാണ് യു.എ.ഇ പരാജയപ്പെട്ടത്. ചിരാഗ് സുരിയും (69) റിസ്വാൻ റഉൂഫും (55) മികച്ച പ്രകടനം നടത്തിയെങ്കിലും യു.എ.ഇ 50 ഓവറിൽ 215 റൺസിൽ ഒതുങ്ങി. രണ്ട് ഓവർ ശേഷിക്കേ സ്കോട്ട്ലൻഡ് വിജയം ഉറപ്പിച്ചു.
അമേരിക്കക്കെതിരായ അടുത്ത മത്സരത്തിലും യു.എ.ഇക്ക് പരാജയമായിരുന്നു വിധി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയോടെ റിസ്വാൻ മുന്നിൽനിന്ന് നയിച്ചപ്പോൾ യു.എ.ഇ ഏഴ് വിക്കറ്റിന് 203 റൺസെടുത്തു. മറ്റൊരു മലയാളിതാരം ബാസിൽ ഹമീദ് 32 റൺസും എടുത്തു. എന്നാൽ, യു.എസ്.എ 44.5 ഓവറിൽ നാല് വിക്കറ്റ് ശേഷിക്കെ ലക്ഷ്യംകണ്ടു.
സ്കോട്ട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ യു.എ.ഇ ഉജ്ജ്വലമായി തിരിച്ചെത്തി. സ്കോട്ടലൻഡിനെ 171 റൺസിൽ എറിഞ്ഞിട്ടശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വ്രിത്യ അരവിന്ദ് (54), മുഹമ്മദ് വസീം (36), റിസ്വാൻ റഊഫ് 30 എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
ടൂർണമെന്‍റിൽ യു.എ.ഇയുടെ മികച്ചപ്രകടനം നാലാം മത്സരത്തിലായിരുന്നു. യു.എസ്.എയെ 198 റൺസിൽ ഒതുക്കിയ ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസ വിജയം നേടി. സെഞ്ച്വറി നേടിയ വ്രിത്യ അരവിന്ദും (102) റിസ്വാനും (26) യു.എ.ഇക്കായി പുറത്താകാതെ നിന്നു. ചിരാഗ് സുരി 64 റൺസെടുത്തു. ടൂർണമെന്‍റിൽ യു.എ.ഇക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം മലയാളിയായ റിസ്വാൻ റഉൗഫാണ്. 59 ശരാശരിയോടെ 178 റൺസാണ് റിസ്വാൻ അടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.