ലോകകപ്പ് സാധ്യത ഇന്ത്യക്കെന്ന് മുത്തയ്യ മുരളീധരൻ
text_fieldsദുബൈ: ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ ഏറ്റവും സാധ്യത കൽപിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ ജീവിതം ആസ്പദമായി നിർമിച്ച എയ്റ്റ് ഹൺഡ്രഡ് (800) എന്ന സിനിമയുടെ കന്നി പ്രദർശനത്തിന് ദുബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആദ്യ രണ്ട് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ലോകകപ്പിൽ ശ്രീലങ്കയുടെ സാധ്യത മങ്ങിയിരിക്കുകയാണ്. ഇനി ഒരു തിരിച്ചുവരവ് പ്രയാസമാണ്. അതുകൊണ്ട് തന്നെ നേരിയ സാധ്യത മാത്രമേ പറയാനാകൂ. ഇത്തവണ തന്റെ പ്രിയ ടീം ഇന്ത്യയാണ്. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ലൈൻ അപ്പാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. മുത്തയ്യ മുരളീധരന് ശേഷം താങ്കൾക്ക് പകരംവെക്കാൻ പോന്ന മറ്റൊരു സ്പിന്നറെ കണ്ടെത്താൻ ശ്രീലങ്കക്ക് കഴിയാഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും ആരും പകരമാകില്ലെന്നായിരുന്നു മറുപടി.
800 എന്ന സിനിമ തന്റെ ക്രിക്കറ്റ് ജീവിതം മാത്രമല്ല, തന്റെ കുട്ടിക്കാലവും വളർന്നുവന്ന കാലത്തെ ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തെയും വരച്ചുകാട്ടുന്നതാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. തമിഴ്, ഹിന്ദി ഭാഷകളിലാണ് 800 പുറത്തിറങ്ങുന്നത്. എം.എസ്. ത്രിപതി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മധൂർ മിത്തലാണ് മുത്തയ്യ മുരളീധരനായി വേഷമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.