ലോകകപ്പ് വരുമാനം 600 കോടി ഡോളറിലെത്തും
text_fieldsദോഹ: ഖത്തർ ലോകകപ്പിന്‍റെ വരുമാനം 600 കോടി ഡോളറിലെത്തുമെന്ന് കണക്കാക്കുന്നതായി ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ. ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള കരാർ പ്രകാരമാണ് ലോകകപ്പ് ഉദ്ഘാടന ദിവസം മാറ്റിയതെന്നും ഫിഫ കൗൺസിലിന്‍റെ അംഗീകാരം ഈ തീരുമാനത്തിന് ലഭിച്ചിട്ടുണ്ടെന്നും നാസർ അൽ ഖാതിർ പറഞ്ഞു. ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ തത്സമയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരദിവസം ഒരു ദിവസം നേരത്തെയാക്കിയത് എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. ആ ദിവസം ഒരു മത്സരം മാത്രമായിരിക്കും. അതിനാൽതന്നെ ഏറ്റവും പ്രധാനപ്പെട്ട, കൂടുതൽ പ്രേക്ഷകർ ഉദ്ഘാടന മത്സരത്തിനുണ്ടാകും.
ലോകകപ്പ് സമയത്തെ ഉയർന്ന താമസനിരക്ക് സംബന്ധിച്ച അഭ്യൂഹങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചില ഹോട്ടൽ മുറികൾ ഒരു രാത്രി 80 ഡോളറിനും കൂടുതൽ ആഡംബരമായ ഹോട്ടൽ മുറികൾ ഒരു രാത്രി 5478 ഡോളറിനും വിൽക്കുന്നുവെന്നും വ്യക്തമാക്കി. അതോടൊപ്പം വില്ലകൾ, അപ്പാർട്ട്മെൻറുകൾ, ക്യാമ്പിങ് സൈറ്റുകൾ എന്നിവയും താമസത്തിന് ലഭ്യമാണ്. പുതിയ ഹോട്ടൽ മുറികളും അപ്പാർട്ട്മെൻറുകളും വിതരണത്തിനായെത്തുന്ന സാഹചര്യത്തിൽ വിലകൾ പതിവായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്.
അവരുടെ സാന്നിധ്യം ലോകകപ്പ് ആവേശം വർധിപ്പിക്കും. അറബ് ലോകത്തെ പ്രഥമ ലോകകപ്പിനു കൂടിയാണ് ഖത്തറിൽ കിക്കോഫ് കുറിക്കാനിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടതും വേറിട്ടുനിൽക്കുന്നതുമായ വേദിയാണ് സ്റ്റേഡിയം 974. ഏറ്റവും സുന്ദരമായ പ്രദേശത്ത് ഉൾക്കടലിനോട് അഭിമുഖമായാണ് ഇതിന്‍റെ സ്ഥാനം. ലോകകപ്പിന് ശേഷം സ്റ്റേഡിയം പൂർണമായും നീക്കംചെയ്യും. ഇവിടെ വിനോദസഞ്ചാര പദ്ധതികൾ രാജ്യം ആസൂത്രണം ചെയ്യുന്നുണ്ട്.
ഫിഫയെയും അമ്പരപ്പിച്ച് അർജന്‍റീന-മെക്സികോ ടിക്കറ്റ് വിൽപന
ലോകകപ്പ് ഗ്രൂപ് സിയിൽ അർജൻറീന-മെക്സികോ മത്സര ടിക്കറ്റിനായുള്ള വർധിച്ച ആവശ്യം ഫിഫയെപോലും അമ്പരപ്പിച്ചതായി നാസർ അൽ ഖാതിർ പറഞ്ഞു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ടിക്കറ്റും അർജൻറീന-മെക്സികോ മത്സരത്തിന്‍റേതാണ്. പിന്നാലെ അർജൻറീന-സൗദി അറേബ്യ മത്സരത്തിനാണ് ആവശ്യക്കാർ കൂടുതൽ. രണ്ട് ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞു. രണ്ടാംഘട്ട ടിക്കറ്റ് വിൽപന ആഗസ്റ്റ് 16ന് അവസാനിച്ചു. അടുത്ത ഘട്ടം സെപ്റ്റംബറിൽ ആരംഭിക്കും. ടിക്കറ്റുകൾക്കായി ആവശ്യമേറിയിരിക്കുകയാണെന്നും വലിയ ആത്മവിശ്വാസമാണ് ഇത് സുപ്രീം കമ്മിറ്റിക്ക് സമ്മാനിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കളിതുടങ്ങുന്നതോടെ വിമർശനങ്ങൾ അവസാനിക്കും
ഖത്തർ ലോകകപ്പിനെതിരായ ആരോപണങ്ങളും കള്ളപ്രചാരണങ്ങളും ഒരിക്കലും അപ്രത്യക്ഷമാകില്ല. എന്നാൽ ഈയിടെ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിെൻറ പരിശ്രമങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആരാധകർ ഖത്തറിലെത്തുകയും മത്സരങ്ങൾ കാണാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇതിനെല്ലാം മാറ്റമുണ്ടാകും.ലോകകപ്പ് സമയത്തെ ആരോഗ്യ സുരക്ഷ മുൻകരുതൽ സംബന്ധിച്ച്, പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. രോഗം ഒരു ഭീഷണിയല്ലാതാവുന്ന ഘട്ടത്തിലേക്കും ലോകകപ്പ് സമ്മാനിക്കുകയെന്നതിൽ സംശയമില്ലെന്നും ഖത്തർ ലോകകപ്പ് സി.ഇ.ഒ വ്യകതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.