ലോകകപ്പ്: പുതിയ ജഴ്സിയിൽ യു.എ.ഇ ക്രിക്കറ്റ് ടീം
text_fieldsദുബൈ: അടുത്ത മാസം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന യു.എ.ഇ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയും പുതിയ ലോഗോയും പുറത്തിറക്കി. മുകൾ ഭാഗം മജന്തയും താഴെ നീല നിറവുമുള്ള ജഴ്സിയാണ് ടീം ലോകകപ്പിൽ അണിയുക. മലയാളിയായ യു.എ.ഇ നായകൻ റിസ്വാൻ റഊഫ് ഉൾപ്പെടെയുള്ള താരങ്ങൾ പുതിയ ജഴ്സിയണിഞ്ഞ ചിത്രം പങ്കുവെച്ചാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ജഴ്സി അവതരിപ്പിച്ചത്. പഴയ ലോഗോയിൽനിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ലോഗോ പുറത്തിറക്കിയത്.
ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരിക്കും യു.എ.ഇ ആദ്യം കളിക്കുക. ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടിൽ എ ഗ്രൂപ്പിൽ ശ്രീലങ്ക, നെതർലൻഡ്സ്, നമീബിയ ടീമുകളാണ് എതിരാളികൾ. ഇതിൽനിന്ന് രണ്ട് ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഇവിടെയാണ് വമ്പൻമാരായ ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ ഉൾപ്പടെയുള്ള ടീമുകൾ കാത്തിരിക്കുന്നത്. 16ന് നെതർലൻഡ്സിന് എതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. കഴിഞ്ഞ ദിവസം സമാപിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ യു.എ.ഇ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.