വിശ്വമേള സംസ്കൃതികളുടെ സംഗമഭൂമി
text_fieldsഓരോ സന്ദർശനം കഴിയുമ്പോഴും ഒരിക്കൽ കൂടി പോകണമെന്ന ആഗ്രഹം മനസ്സിൽ ശക്തിപ്പെടുത്തുന്ന ഒരാകർഷണീയത എക്സ്പോ നഗരിക്കുണ്ട്. ആദ്യ ദിനത്തിൽ അനുഭവപ്പെട്ട തിരക്കും ചൂടും കാത്തുനിൽപ്പിെൻറ മടുപ്പുമെല്ലാം കൂടുതൽ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ആവേശത്തിൽ അലിഞ്ഞുതീർന്നിരുന്നു. ഇപ്പോഴും കുറഞ്ഞ ഭാഗങ്ങൾ മാത്രമേ കണ്ടുതീർന്നിട്ടുള്ളൂവെങ്കിലും വലിയ അനുഭവങ്ങളാണ് മനസ്സിൽ വരച്ചിടുന്നത്. ഏറ്റവും ആകർഷിച്ചത് വിവിധ രാജ്യങ്ങളുടെ സാംസ്കരിക വൈജാത്യങ്ങളെ പ്രശോഭിപ്പിക്കുന്ന സാംസ്കാരിക പരിപാടികളായിരുന്നു. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ഭാഷകൾ, വസ്ത്രരീതികൾ, ഭക്ഷണവിഭവങ്ങൾ, ആരാധനകൾ, പ്രാർഥന കേന്ദ്രങ്ങൾ, ഗ്രാമീണ ഗാനങ്ങൾ, പാരമ്പര്യ നൃത്തങ്ങൾ... നാടിെൻറ വൈവിധ്യം നിറഞ്ഞ സാമൂഹിക ജീവിതത്തെ പരിചയപ്പെടുത്തുന്ന പവലിയനുകളും പരിപാടികളും ഭൂമിയിലെ ഓരോ പ്രദേശങ്ങളെയും അടുത്തറിയാനുള്ള അവസരമായി മാറുന്നു.
ഏറെ ഹൃദ്യമായി നോക്കിക്കണ്ടത് സൗദി കലാകാരന്മാരുടെ പാരമ്പരാഗത കലാപരിപാടികൾ ആയിരുന്നു. ആകർഷണീയമായി ഒരുക്കിയിരിക്കുന്ന പവലിയനു മുന്നിൽ പ്രായം ചെന്നവരും പുതുതലമുറയിലുള്ളവരുമടങ്ങുന്ന കലാകാരന്മാർ ഇടവേളകളിൽ പാരമ്പര്യ നൃത്തങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നു. കടലിൽ മീൻപിടിക്കാൻ പോകുമ്പോൾ വലകൾ പിടിച്ചു കൊണ്ടു നടത്തുന്ന നൃത്തത്തോടൊപ്പം നമ്മുടെ നാട്ടിലെ കുതിരകളിയുടെ രൂപത്തിൽ ഒരാൾ കുതിരക്കോലത്തിൽ ആവേശത്തോടെ കളിക്കുന്നുണ്ട്. ഏതൊരു അറബ് രാജ്യത്തിെൻറയും സാംസ്കാരിക അടയാളമാണ് ഈ പാരമ്പര്യ കലാരൂപം. കൊടിയും രൂപങ്ങളും പിടിച്ച് നേതാവിനൊപ്പം നിരനിരയായി കടന്നുവരുന്ന കലാകാരന്മാർ പിന്നീട് പരന്നൊഴുകി ചുവടുകൾ വെച്ച് കാണികളെ അത്ഭുതപ്പെടുത്തി.തൊട്ടപ്പുറത്തു ഈജിപ്ഷ്യൻ പവലിയനു മുന്നിൽ യുവ കലാകാരന്മാരുടെ ചടുലമായ നൃത്തച്ചുവടുകൾ കാണാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു.
പരമ്പരാഗത രീതിയിൽ ചുവന്ന വസ്ത്രങ്ങൾ ധരിച്ച കലാകാരന്മാർ ആകർഷണീയമായ പാട്ടുകൾക്കൊപ്പം ചുവടുവെച്ചു. ഒരു ജനതയുടെ സാമൂഹ്യ ജീവിതത്തിെൻറ സൗന്ദര്യവും സൗമ്യതയും വിളിച്ചു പറയുന്നതായിരുന്നു ഇന്തോനേഷ്യയുടെ പവലിയനും അതിനു മുന്നിൽ അവരുടെ കലാകാരന്മാർ തുടർച്ചയായി നടത്തിക്കൊണ്ടിരുന്ന കലാപരിപാടികളും. നിറപ്പകിട്ടുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു നാടൻ പാട്ടുകളാണ് അവർ അവതരിപ്പിച്ചത്. അവരുടെ ഗ്രാമീണഭാഷ കാണികൾക്ക് പകർന്നുകൊടുത്ത് പാട്ടുകളുടെ ചില വരികൾ അവരെക്കൊണ്ട് ഏറ്റുപാടിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മാത്രം നമ്മൾ കാണുന്ന ഗ്രാമീണഗാനങ്ങളുടെയും പരമ്പരാഗത നൃത്തങ്ങളുടെയും വൈവിധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുമ്പോൾ, ഓരോ ജനതയും അവരുടെ ജീവിതത്തിെൻറ ഭാഗമായി കൊണ്ടുനടക്കുന്ന ഈ സാംസ്കാരിക അടയാളങ്ങളുടെ വ്യത്യസ്തതകൾ നമ്മെ അമ്പരപ്പിക്കും.ആതിഥേയ രാജ്യമായ യു.എ.ഇ പവലിയനു മുന്നിൽ പരമ്പരാഗത നൃത്തവുമായി ശുഭ്രവസ്ത്രധാരികൾ അണിനിരന്നു. ചൂരൽ വടികൾ ചുമലിൽ വെച്ചും വാളുകൾ വായുവിലേക്കെറിഞ്ഞും കാണികളെ ഹരം കൊള്ളിക്കുന്ന ചുവടുകൾ. ദൈവത്തിെൻറ ഭൂമിയിൽ മനുഷ്യരുടെ ജീവിതാനന്ദങ്ങളും സന്തോഷങ്ങളും അധ്വാനരീതികളും ഏറെ സാമ്യത നിറഞ്ഞതാണ്, അവയുടെ വർണങ്ങൾക്കും പ്രകടനരീതികൾക്കു മാത്രമെ വ്യത്യാസമുള്ളൂ. ആ വർണങ്ങളെ അടുത്തറിയാൻ എക്സ്പോ കവാടം തുറന്നുതരികയാണ്, വീണ്ടും വീണ്ടും നമ്മെ ക്ഷണിച്ചുകൊണ്ട്.
ശംസ് ജമീൽ പുത്തൻചിറ,
ദുബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.