വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ് ഷാർജയിൽ
text_fieldsദുബൈ: ബുദ്ധിശക്തിയും ഓർമശക്തിയും അസാമാന്യ ഗണിതശാസ്ത്ര വൈഭവവുമുള്ളവർ മാറ്റുരക്കുന്ന വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ് (മെമ്മറിയാട് 2024) ഇത്തവണ യു.എ.ഇയിൽ നടക്കും. ഈമാസം ഏഴു മുതൽ ഒമ്പത് വരെ ഷാർജ സ്കൈലൈൻ യൂനിവേഴ്സിറ്റിയാണ് മത്സരങ്ങൾക്ക് വേദിയാവുക.
35 രാജ്യങ്ങളിൽ നിന്നുള്ള 150ലേറെ പ്രതിഭകളാണ് വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സിൽ പങ്കെടുക്കുക. അഞ്ച് വയസ്സുള്ളവർ മുതൽ 60 വയസ്സുവരെയുള്ള പ്രതിഭകൾ മത്സരത്തിനുണ്ടാകും. കണക്കിലെ അസാമാന്യ പാടവവും ഓർമശക്തിയും പരീക്ഷിക്കുന്ന 12 ഇനങ്ങളിലായിരിക്കും മത്സരം.
യു.എ.ഇയിൽ 40 അംഗ ടീം മൈൻഡ് സ്പോർട്സ് ഒളിമ്പിക്സിലുണ്ടാകും. മൂന്ന് മലയാളികളടക്കം 50 പേർ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും. 2008 മുതലാണ് നാലുവർഷത്തെ ഇടവേളയിൽ മൈൻഡ് സ്പോർട്സിന് തുടക്കമിട്ടത്. കോവിഡ് കാരണം കഴിഞ്ഞ തവണ ഒളിമ്പിക്സ് സംഘടിപ്പിക്കാൻ സാധിച്ചില്ല.
എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണ വേൾഡ് മെന്റൽ സ്പോർട്സ് ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങൾ മെമ്മറിയാഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെമ്മറിയാഡ് ബ്രാൻഡ് അംബാസഡറും സ്പാർക്ക്ലർ മൈൻഡ്സ് സി.ഇ.ഒയുമായ ക്രിസ് ജേക്കബ്, ഡോ. ദീപക് കർള, ഡോ. നസീം അബീദി, ശ്രിനിവാസ് അയ്യങ്കാർ, ജേക്കബ് സക്കറിയ, ഷേർളി ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.