ലോക മിനി ഫുട്ബാൾ; പന്തുരുണ്ട്...റാക്കിലേക്ക്
text_fieldsറാസല്‍ഖൈമ വേദിയായി യു.എ.ഇ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ‘വേള്‍ഡ് മിനി ഫുട്ബാള്‍ 2023’ന് (ഡബ്ല്യൂ.എം.എഫ്) പന്തുരളാന്‍ ഇനി 17 ദിനരാത്രങ്ങള്‍. യു.എ.ഇയും ഇന്ത്യയുമുള്‍പ്പെടെ 32 ലോക ടീമുകള്‍ മാറ്റുരക്കുന്ന ലോക മിനി ഫുട്ബാള്‍ മല്‍സരങ്ങള്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ നാല് വരെ റാക് അല്‍മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 5,6,7,8 രീതികളില്‍ വ്യത്യസ്ത തലങ്ങളിലാണ് മിനി ഫുട്ബാള്‍ മല്‍സരങ്ങള്‍ നടന്നുവരുന്നത്. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളിലായാണ് 32 ലോക ലോക രാജ്യങ്ങള്‍ പ്രാഥമിക റൗണ്ടുകളില്‍ ഏറ്റുമുട്ടുക. നറുക്കെടുപ്പിലൂടെയാണ് ടീമുകളെ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുള്ളത്.
ഗ്രൂപ്പ് (എ): യു.എ.ഇ, ഇന്ത്യ, കസാക്കിസ്ഥാന്‍, ഘാന. (ബി) മെക്സിക്കോ, ഗ്വാട്ടിമല, ജോര്‍ജിയ, അയര്‍ലണ്ട് (സി) ചെക്ക് റിപ്പബ്ളിക്, യുക്രെയ്ന്‍, ഇസ്രായേല്‍, തായ്ലാന്ഡ് (ഡി) റുമാനിയ, യു.എസ്.എ, സ്പെയിന്‍, ലെബനാന്‍ (ഇ) ബ്രസീല്‍, ബള്‍ഗേറിയ, മോണ്ടിനെഗ്രോ, ജപ്പാന്‍ (എഫ്) സ്ളൊവാക്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അല്‍ബേനിയ (ജി) അസര്‍ബൈജാന്‍, ടുണീഷ്യ, ഈജിപ്ത്, ഇറാഖ് (എച്ച്) ഹംഗറി, സെര്‍ബിയ, ലിബിയ, പോര്‍ച്ചുഗല്‍ തുടങ്ങി വ്യത്യസ്തമായ കാല്‍പന്തുകളി ശൈലികളും തന്ത്രങ്ങളുടെയും ഏറ്റുമുട്ടലിനാണ് റാസല്‍ഖൈമ വേദിയാവുക. ഗ്രൂപ്പ് ഘട്ടങ്ങളില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാകും ടീമുകളുടെ മല്‍സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കും. നോക്കൗട്ട് ഘട്ടത്തില്‍ ടീമുകള്‍ റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ എന്നിവയില്‍ മാറ്റുരക്കും. കലാശക്കളിയിലേക്ക് പ്രവേശിക്കുന്ന കരുത്തരുടെ പ്രകടനം നവംബര്‍ നാലിന് നടക്കും.

വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര അനുഭവവും ആഗോള കായിക മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിലുള്ള മുന്‍ പരിചയവുമാണ് റാസല്‍ഖൈമയെ വേദിയായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ പരിഗണിച്ചതെന്ന് വേള്‍ഡ് മിനി ഫുട്ബാള്‍ ഫെഡറേഷന്‍ (ഡബ്ല്യൂ.എം.എഫ്.എഫ്) പ്രസിഡന്‍റ് ഫിലിപ്പ് ജൂഡ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വിറ്റ്സര്‍ലൻഡ് കേന്ദ്രമായ ഡബ്ല്യൂ.എം.എഫ്.എഫിന് ലോകതലത്തില്‍ 100 രാജ്യങ്ങളിലായി ശാഖകളുണ്ട്. കളിക്കാരുടെ ഉന്നമനം, ടീം ബില്‍ഡിങ്, ഫെയര്‍ പ്ളേ, ആഗോളതലത്തില്‍ മിനി ഫുട്ബാള്‍ കളിക്കാര്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിലൂടെ പരസ്പര സഹകരണത്തിന്‍റെ മനോഭാവം കെട്ടിപ്പടുക്കുന്നതില്‍ ഊന്നിയാണ് ഡബ്ല്യൂ.എം.എഫ്.എഫ് പ്രവര്‍ത്തനം. നൂറുകണക്കിന് കളിക്കാരും ആയിരകണക്കിന് മിനി ഫുട്ബാള്‍ പ്രേമികളും ഒരുമിക്കുന്നതാകും റാസല്‍ഖൈമ ഒരുക്കുന്ന വേള്‍ഡ് മിനി ഫുട്ബാള്‍ വേദി. ഇത് ലോക കായിക ഭൂപടത്തില്‍ റാസല്‍ഖൈമയുടെ ഖ്യാതി ഉയര്‍ത്തുന്നതും പ്രാദേശിക വാണിജ്യ മേഖലക്ക് ഉണര്‍വ് നല്‍കുന്നതാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.