സർക്കാറുകൾ എല്ലാവരെയും ഉൾകൊള്ളുന്നതാകണം- മോദി
text_fieldsദുബൈ: സർക്കാറുകൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻഗണന നൽകുന്നതുമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറുകളുടെ തീരുമാനങ്ങൾ സുതാര്യവും അഴിമതിമുക്തവുമായിരിക്കണം. നേതാക്കളും ഭരണാധികാരികളും ജീവിത നിലവാരം ഉയർത്താനും നീതി, യാത്രാസൗകര്യം, നൂതന സാങ്കേതികവിദ്യകൾ, ബിസിനസ് അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്താനും പരിശ്രമിക്കണം. പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് വലിയ പരിവർത്തനങ്ങൾക്ക് സന്നദ്ധമാവുകയും വേണം -മോദി വിശദീകരിച്ചു.
കോവിഡ് കാലത്ത് സർക്കാറുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറഞ്ഞതായാണ് ആഗോള തലത്തിൽ വിലയിരുത്തപ്പെട്ടതെങ്കിൽ, ഇന്ത്യയിൽ നേരെ തിരിച്ചുള്ള അനുഭവമാണുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ സർക്കാറിലെ വിശ്വാസം ജനങ്ങൾക്ക് വർധിച്ചിരിക്കയാണ്. ജനങ്ങൾക്ക് സർക്കാറിന്റെ അസാന്നിധ്യം അനുഭവപ്പെടാൻ പാടില്ല. അതുപോലെ അവർക്ക് സമ്മർദവും അനുഭവപ്പെടാൻ പാടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സർക്കാർ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് യു.എ.ഇ ഭരണാധികാരികൾക്ക് മോദി നന്ദിയറിയിക്കുകയും ചെയ്തു.
120 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും 25 രാഷ്ട്രനേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇത്തവണ ഖത്തർ, തുർക്കിയ എന്നിവക്കൊപ്പം ഇന്ത്യയും അതിഥി രാജ്യമാണ്. 85 അന്താരാഷ്ട്ര, പ്രാദേശിക കൂട്ടായ്മകളും ഉച്ചകോടിയുടെ ഭാഗമാണ്.
110 സംവാദങ്ങൾ, 200 ആഗോള പ്രഭാഷകരുടെ സംസാരങ്ങൾ, 300 മന്ത്രിമാരുടെ പങ്കാളിത്തം, 4,000 പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ രീതിയിലാണ് ഉച്ചകോടി ഒരുക്കിയിട്ടുള്ളത്. മോദിയുടെ പ്രഭാഷണം ശ്രവിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരടക്കം പ്രമുഖർ എത്തിച്ചേർന്നു. ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ സ്വീകരിച്ചു. തുടർന്ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.