മാലോകരേ.. ഇതാ എക്സ്പോ നഗരം
text_fieldsഅൽ വസ്ൽ പ്ലാസയിൽ
ഷോകൾ ആരംഭിച്ചുദുബൈ: ലോകം അതിശയത്തോടെ കണ്ടുതീർത്ത എക്സ്പോ2020 ദുബൈ മേളയുടെ വേദി ഒരു നഗരമായി പരിണമിച്ചിരിക്കുന്നു. വിജ്ഞാനവും വിനോദവും പകരുന്ന വിസ്മയക്കാഴ്ചകൾ നിറഞ്ഞ എക്സ്പോ നഗരം പൂർണമായും ശനിയാഴ്ച തുറന്നപ്പോൾ നിരവധി പേരാണ് കാണാനെത്തിയത്. കഴിഞ്ഞ വർഷം ആറുമാസക്കാലം അനുഭവിച്ച ഏതാണ്ടെല്ലാ വിനോദ, വിജ്ഞാന സംരംഭങ്ങളും നിലനിർത്തിക്കൊണ്ടാണ് എക്സ്പോ സിറ്റി സമ്പൂർണമായി തുറന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഭാഗികമായി തുറന്ന സിറ്റിയിലേക്ക് നിരവധിപേർ ഓരോ ദിവസവും എത്തിച്ചേർന്നിരുന്നു. കൂടുതൽ പവലിയനുകളും അനുഭവങ്ങളും ഇനിമുതൽ സഞ്ചാരികൾക്ക് കാണാനും ആസ്വദിക്കാനും കഴിയും. ശനിയാഴ്ച രാത്രി അൽ വസ്ൽ പ്ലാസയിൽ നടന്ന 'അൽ വാസലിന്റെ ഉണർവ്' എന്ന ദൃശ്യ-സംഗീത പരിപാടിയാണ് ഉദ്ഘാടന ദിവസത്തെ ശ്രദ്ധേയമാക്കിയത്. അതിശയിപ്പിക്കുന്ന വിഷ്വലുകളുടെയും ഇളക്കിമറിക്കുന്ന സംഗീതത്തിന്റെ മാന്ത്രിക പ്രദർശനമാണ് അൽ വസ്ലിൽ ഒരുക്കിയത്. എക്സ്പോ2020 ദുബൈയുടെ 80ശതമാനം ഭാഗങ്ങളും നിലനിർത്തിയാണ് സിറ്റി തുറന്നത്. നിരവധി വിദ്യഭ്യാസ, വിനോദ, സാംസ്കാരിക പ്രദർശനങ്ങളും പരിപാടികളും സിറ്റിയിൽ ഭാവിയിൽ വിരുന്നെത്തുമെന്നാണ് വിലയിരുത്തുന്നത്. കേവല വിനോദത്തിനപ്പുറം ഭാവിയുടെ സാങ്കേതിക വിദ്യകളും ഭൂതകാലത്തിന്റെ നന്മകളും പുതിയ കാലത്തെ അനുഭവിപ്പിക്കുന്ന ദൗത്യമാണ് സിറ്റി ഏറ്റെടുത്തിരിക്കുന്നത്.
എക്സ്പോ 2020ദുബൈയിൽ നിന്ന് വ്യത്യസ്തമായി സിറ്റിയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ വിവിധ പവലിയനുകളിലും വിനോദ സംവിധാനങ്ങളിലും പ്രവേശിക്കാൻ പ്രത്യേക പാസുണ്ട്. ടെറ, അലിഫ്, വിഷൻ, വുമൺ എന്നീ നാലു പവലിയനുകളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഒരു ദിവസത്തേക്കുള്ള പ്രത്യേക പാസിന് 120ദിർഹമാണ് നിരക്ക്. ഈ പാസുപയോഗിച്ച് പ്രവേശിക്കാനാവുന്നവയിൽ കൂടുതൽ പവലിയനുകളും മറ്റും ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടെറ, അലിഫ് പവലിയനുകളിൽ ഓരോന്നിൽ പ്രവേശിക്കുന്നതിന് 50ദിർഹമിന്റെ പാസും നിലവിലുണ്ട്. ഈ പാസെടുത്താൽ അതത് പവലിയനിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30ദിർഹമാണ് നിരക്ക്. 5 വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. 12വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പവലിയനുകളിൽ പ്രവേശിക്കാനും പണമടക്കേണ്ടതില്ല. എന്നാൽ ഇവർ ടിക്കറ്റ് ബൂത്തുകളിൽ നിന്ന് പ്രത്യേക പാസ് വാങ്ങണം. നിലവിൽ പവലിയനുകളും മറ്റു ചില ആകർഷകങ്ങളും ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് കാഴ്ചക്കാർക്ക് പ്രവേശനം നൽകുന്നത്. എന്നാൽ ചില സംവിധാനങ്ങളിലേക്ക് ദിവസം മുഴുവൻ പ്രവേശനമുണ്ടാകും. കാഴ്ചക്കാരെ ആകർഷിക്കുന്ന സർറിയൽ വാട്ടർ ഫീച്ചർ, അൽ വസ്ൽ പ്ലാസ എന്നിവ ഇക്കൂട്ടത്തിൽ പെട്ടതാണ്. അൽ വസ്ൽ പ്ലാസയിലെ വിഷ്വൽ പ്രദർശനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം, ബുനൻ മുതൽ ഞായർ വരെ, മാത്രമാണുണ്ടാവുക. ഈ പ്രദർശന സമയത്തും ഇവിടേക്ക് പ്രദർശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.