ലോക വിനോദ സഞ്ചാരദിനം; ആഘോഷങ്ങളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ലോക വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിനോദ സഞ്ചാരികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ദുബൈ ടൂറിസ്റ്റ് പൊലീസ്. വിവിധ പങ്കാളികളുമായി കൈകോർത്ത് അഞ്ച് ഇവന്റുകളാണ് പൊലീസ് സംഘടിപ്പിച്ചത്.
‘ടൂറിസ്റ്റ് പൊലീസ് സ്റ്റാർസ്’ സംരംഭത്തിന് കീഴിൽ വരുന്ന ദുബൈ ഹിൽസ്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3, കൈറ്റ് ബീച്ച്, അൽ അവീറിലെ ടൂറിസ്റ്റ് ക്യാമ്പുകൾ, വിവിധ ഹോട്ടലുകൾ, ബീച്ചുകൾ, എമിറേറ്റിലെ വിവിധ കാമ്പസുകൾ എന്നിവയായിരുന്നു വേദികൾ. സന്ദർശകർക്ക് ദുബൈ പൊലീസിന്റെ വിവിധ സേവനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ 400 സഫാരി വാഹനങ്ങൾ, 2000 ടൂറിസ്റ്റുകൾ, എട്ട് ആഡംബര പട്രോളിങ് വാഹനങ്ങൾ, ദുബൈ പൊലീസിന്റെ എയർ വിങ്, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുമായി ചേർന്ന് ക്യാമ്പുകളിൽ പരേഡുകളും നടത്തി.
ദുബൈ ഹിൽസിലും കൈറ്റ് ബീച്ചിലും ശൈഖ് മുഹമ്മദ് സെന്റർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ്, അൽ മസ്യൂദ് അൽ ഹർബിയ ബാൻഡിന്റെ പ്രകടനങ്ങൾ വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമായി മാറി. ടൂറിസ്റ്റ് സെക്യൂരിറ്റി പട്രോളിങ്, കെ9 ഷോകൾ, സൈക്കിളുകളും ബീച്ച് ബൈക്കുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങൾ എന്നിവയുമുണ്ടായിരുന്നു. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലെത്തിയ സഞ്ചാരികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ടൂറിസം മേഖലയിലെ സുരക്ഷ വർധിപ്പിക്കാനും എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ലഭ്യമായ സേവനങ്ങളെക്കുറിച്ച് അവബോധം വളർത്താനുമുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയാണ് ലോക ടൂറിസം ദിനത്തിന്റെ വാർഷികാഘോഷങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹർബ് അൽ ശംസി പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ദുബൈ. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് മികച്ച സേവനങ്ങളാണ് ദുബൈ ടൂറിസ്റ്റ് പൊലീസ് നൽകിവരുന്നത്. പൊലീസിന്റെ ഈ സമീപനം ടൂറിസം മേഖലയിലെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം സമൂഹത്തിന്റെ സന്തോഷം വർധിപ്പിച്ച് നഗരത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള നയപരമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതുമാണെന്ന് ബ്രിഗേഡിയർ അൽ ശംസി കൂട്ടിച്ചേർത്തു.
ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ എയർപോട്സ്, ശൈഖ് മുഹമ്മദ് സെന്റർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ്, ദുബൈ ഹിൽസ് മാൾ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദുബൈ ഹോൾഡിങ്, അൽ ശമൽ കമ്പനി, വിവിധ ജനറൽ ഡിപ്പാർട്മെന്റുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയ പങ്കാളികളുടെ സഹകരണവും ഇക്കാര്യത്തിൽ വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.