ലോകവ്യാപാര സംഘടന 13ാമത് മന്ത്രിതല സമ്മേളനത്തിന് തുടക്കം
text_fieldsഅബൂദബി: ലോകരാജ്യങ്ങളുടെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) 13ാമത് മന്ത്രിതല സമ്മേളനത്തിന് തിങ്കളാഴ്ച അബൂദബിയിൽ തുടക്കമായി. അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കേണ്ട വ്യാപാര നിയമങ്ങളും ചട്ടങ്ങളും ചർച്ചചെയ്യുന്ന സമ്മേളനം നാല് ദിവസം നീളും.
175 അംഗരാജ്യങ്ങൾ, സ്വകാര്യമേഖലയിലെ പ്രമുഖർ, എൻ.ജി.ഒകൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വ്യാപാര സംവിധാനം രൂപപ്പെടുത്തുന്നതിനാണ് സമ്മേളന ചർച്ചകളിലെ ഊന്നൽ.
ആദ്യദിനത്തിൽ സംസാരിച്ച യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രിയും 13ാമത് മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി, ഭാവിയിലേക്ക് പുതിയ തുടക്കമാകും സമ്മേളനമെന്ന് ശുഭാപ്തി പ്രകടിപ്പിച്ചു. ഡബ്ല്യു.ടി.ഒ ജീവനോടെയുണ്ടെന്നും എല്ലാ അർഥത്തിലും പൂർണശേഷിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ലോകത്തെ കാണിക്കേണ്ടതുണ്ട്.
വ്യാപാരത്തിനും വികസനത്തിനും സംഭാവന നൽകാനും സഹായിക്കാനും കൂട്ടായ്മക്ക് കഴിയുമെന്ന് ഈ സമ്മേളനത്തിന്റെ ഫലങ്ങളിലൂടെ നാം കാണിക്കേണ്ടതുണ്ട്. വ്യാപാരത്തിന്റെ ഭാവി ഒരുമിച്ച് രൂപപ്പെടുത്താനുള്ള അതുല്യമായ അവസരമാണിത്.
എല്ലാ രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി ഉറപ്പാക്കാൻ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം -അദ്ദേഹം പറഞ്ഞു. ഡബ്ല്യു.ടി.ഒയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന വേദിയാണ് മന്ത്രിതല സമ്മേളനങ്ങൾ.
വ്യാപാരനിയമങ്ങൾ പരിഷ്കരിക്കാനും ആഗോള വ്യാപാര നയത്തിന്റെ അജണ്ട നിശ്ചയിക്കാനും ചേരുന്ന അംഗരാജ്യങ്ങളുടെ നിർണായക ഫോറമാണിത്. അവസാനമായി 2022 ജൂണിൽ ജനീവയിലാണ് സമ്മേളനം നടന്നത്. ഫിഷറീസ് സബ്സിഡികൾ, ഭക്ഷ്യസുരക്ഷ, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായിരുന്നു സമ്മേളനം.
ആഗോള വ്യാപാര സംവിധാനം, ബൗദ്ധിക സ്വത്തവകാശം, ഡബ്ല്യു.ടി.ഒ തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയിലാണ് അബൂദബി സമ്മേളനം പുരോഗതി പ്രതീക്ഷിക്കുന്നത്. 1995ൽ സ്ഥാപിതമായ ഡബ്ല്യു.ടി.ഒ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കൂട്ടായ്മയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.