ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബൈ വീണ്ടും ഒന്നാമത്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈമാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ (34 ലക്ഷം) പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ആംസ്റ്റർഡാം (31.5 ലക്ഷം), പാരിസ് (31.4 ലക്ഷം), ഇസ്തംബൂൾ (29 ലക്ഷം), ഫ്രാങ്ക്ഫർട്ട് (29 ലക്ഷം), ദോഹ (22 ലക്ഷം), ലണ്ടനിലെ ഗാറ്റ്വിക്ക് (20.094 ലക്ഷം), സിംഗപ്പൂർ (20.089 ലക്ഷം), മഡ്രിഡ് (20.012 ലക്ഷം) എന്നീ വിമാനത്താവളങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചു.
ഏറ്റവും തിരക്കേറിയ എയർലൈൻ റൂട്ടുകളിലും ദുബൈയുടെ പങ്കുണ്ട്.
ദുബൈ -റിയാദ്, മുംബൈ-ദുബൈ, ദുബൈ-ഹീത്രൂ എന്നിവയാണ് ഏറ്റവും തിരക്കേറിയ റൂട്ടുകൾ.
ജീവനക്കാരെ വെട്ടിക്കുറച്ചതുമൂലം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന്റെ ശേഷി അടുത്തിടെ കുറച്ചിരുന്നു.
ഇതോടെ, നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇതോടെയാണ് ഹീത്രു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഈവർഷം ആദ്യ ആറുമാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്.
2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്. മേയ്, ജൂൺ മാസങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി റൺവേ അടച്ചിട്ടിരുന്നതിനാൽ ആയിരത്തോളം സർവിസുകൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു.
ദുബൈ അൽ മക്തൂം എയർപോർട്ടിലേക്കാണ് കൂടുതൽ സർവിസുകളും തിരിച്ചുവിട്ടത്.
ഇത് ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.