ലോകത്തെ ആദ്യ ഡ്രൈവറില്ലാ വാഹന മത്സരയോട്ടം അബൂദബിയിൽ
text_fieldsഅബൂദബി: ലോകത്തെ ആദ്യ ഡ്രൈവറില്ലാ വാഹന മത്സരയോട്ടം അബൂദബിയിൽ. അബൂദബിയുടെ അഡ്വാൻസ്ഡ് ടെക്നോളജി റിസർച് കൗൺസിലിനു കീഴിലെ സാങ്കേതികവിദ്യ സ്ഥാപനമായ ആസ്പയറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യാസ് മറീന സർക്യൂട്ടിലാണ് ഇത്തരമൊരു മത്സരം അരങ്ങേറുന്നത്. 80 ലക്ഷം ദിർഹമാണ് സമ്മാനം. അബൂദബി ഓട്ടോണമസ് റേസിങ് ലീഗ് 2024ന്റെ രണ്ടാം പാദത്തിലാണ് യാസ് മറീന സർക്യൂട്ടിൽ ആരംഭിക്കുക. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഡല്ലാറ സൂപ്പർ ഫോർമുല കാറുകളാണ് മത്സരയോട്ടത്തിനായി ട്രാക്കിലിറക്കുക. ജപ്പാൻ റേസിങ് പ്രമോഷനാണ് ഇതിനായി ആസ്പയറിനെ സഹായിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റിയുടെയും വെർച്വൽ റിയാലിറ്റിയുടെയും ഇൻഫോ ഗ്രാഫിക്സിന്റെയും അകമ്പടിയോടെ തത്സമയ ദൃശ്യങ്ങൾ സ്ക്രീനിൽ കാണാൻ കാണികൾക്ക് അവസരമൊരുക്കുമെന്ന് ഓട്ടോണമസ് കാർ റേസ് പ്രഖ്യാപന വേളയിൽ എ.ആർ.ടി.സി സെക്രട്ടറി ജനറൽ ഫൈസൽ അൽ ബന്ന പറഞ്ഞു. അബൂദബി ഓട്ടോണമസ് റേസിങ് ലീഗ് പ്രാവർത്തികമാക്കുന്നതിൽ ആസ്പയറുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജപ്പാൻ റേസിങ് പ്രമോഷൻ പ്രസിഡന്റ് യോഷിഹിസ യൂനോ പ്രതികരിച്ചു.
ഭാവി സഞ്ചാരത്തെ രൂപപ്പെടുത്തുന്നതിൽ ആസ്പയറുമായി സഹകരിക്കുന്നതിൽ ആവേശഭരിതരാണെന്ന് ഡല്ലാറ സി.ഇ.ഒ ആൻഡ്രിയ പോൺട്രമോലി പറഞ്ഞു. അബൂദബി ഓട്ടോണമസ് റേസിങ് ലീഗിൽ ഓട്ടോണമസ് ഓഫ് റോഡ് റേസിങ്, ഓട്ടോണമസ് ഡ്രോൺ റേസിങ് തുടങ്ങി അമ്പരപ്പിക്കുന്ന ഒട്ടേറെ മത്സരയിനങ്ങളാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.