ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പദ്ധതി ദുബൈയിൽ
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ പദ്ധതി ദുബൈയിൽ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദുബൈ ആതിഥ്യമരുളുന്ന കോപ് 28ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഏകദേശം 3,20,000 വീടുകൾക്ക് ശുദ്ധമായ ഊർജം നൽകുന്നതും കാർബൺ ബഹിർഗമനം പ്രതിവർഷം 16 ലക്ഷം ടൺ കുറക്കുന്നതുമാണ് സോളാർ പാർക്കിന്റെ നാലാംഘട്ട പദ്ധതി. 950 മെഗാവാട്ട് ഉൽപാദനശേഷിയുള്ള നാലാംഘട്ട പദ്ധതിയിൽ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ കേന്ദ്രീകൃത സോളാർ പവർ പദ്ധതിയിൽനിന്ന് 100 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്.
1578 കോടി ദിർഹം മുതൽമുടക്കിൽ നിർമിച്ച പദ്ധതി ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സോളാർ ടവറും 5907 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ഏറ്റവും വലിയ താപ ഊർജ സംഭരണശേഷിയും ഉൾക്കൊള്ളുന്നതാണ്. ലോകത്തെ ഏറ്റവും സുസ്ഥിര രാഷ്ട്രങ്ങളിലൊന്നായി മാറാനുള്ള വ്യക്തമായ കാഴ്ചപ്പാട് യു.എ.ഇക്കുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
സുസ്ഥിരതയിലേക്കുള്ള യാത്ര സമഗ്രമാണ്. വൈവിധ്യമാർന്ന സ്രോതസ്സുകളിൽനിന്ന് ശുദ്ധ ഊർജ ഉൽപാദനവും സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളുമായി സംയോജിപ്പിച്ച നൂതന പരിഹാരങ്ങളും അതിൽ ഉൾക്കൊള്ളുന്നു. ദുബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് സുസ്ഥിരതക്കായി ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്ന യു.എ.ഇയുടെ പ്രതിബദ്ധതയും പരിസ്ഥിതിസൗഹൃദ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയുമാണ് വെളിപ്പെടുത്തുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.