സഹിഷ്ണുത ദേവാലയം; മറിയം ഉമ്മു ഈസ മോസ്‌ക്ക്
text_fieldsഅബൂദബി: ഓരോ രാജ്യത്തിനും അതിന്‍റെ മുഖമുദ്രയായി നിലനില്‍ക്കുന്ന അനേകം നിര്‍മിതികളുണ്ട്. നിര്‍മാണ ചാതുരിയും ചരിത്രവും ഭരണ നൈപുണിയുമൊക്കെ അടയാളപ്പെടുത്തുന്ന സൂചകങ്ങളാണവ. ഇവിടെ, യു.എ.ഇ മറ്റ് ലോക രാജ്യങ്ങള്‍ക്ക് എപ്പോഴും മാതൃകയാവുന്ന ഇടപെടലുകള്‍ നടത്തി ശ്രദ്ധ നേടുന്നത് നിരവധി കാര്യങ്ങളിലാണ്. അങ്ങനെ ചരിത്രത്തില്‍ ഇടം പിടിച്ചൊരു മസ്ജിദുണ്ട് അബൂദബിയില്‍. സഹിഷ്ണുത ദേവാലയം - മറിയം ഉമ്മു ഈസ മോസ്‌ക്ക് (മേരി മദര്‍ ഓഫ് ജീസസ് മോസ്‌ക്ക്).
ഇരുന്നൂറിലേറെ രാജ്യങ്ങളില്‍നിന്ന് പല മതക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് യു.എ.ഇ ജീവിതമാര്‍ഗവും അഭയവും സമ്മാനിക്കുന്നത്. സഹിഷ്ണുതയുടെ ഈറ്റില്ലമായി മാറിയ യു.എ.ഇ അക്കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ്. ശരീഅത്ത് നിയമങ്ങള്‍ക്കൊപ്പം ഇതര മതസ്ഥരായ പ്രവാസികള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക കോടതി വരെ സ്ഥാപിച്ച് അബൂദബി ഞെട്ടിക്കുകയുണ്ടായി.
എന്നാല്‍, ഇന്നും ഇന്നലെയും തുടങ്ങിയതല്ല മതവിശ്വാസങ്ങള്‍ക്കും വര്‍ണ, ദേശ, ഭാഷാതീതമായ യു.എ.ഇയുടെ ഈ ചേര്‍ത്തുപിടിക്കല്‍. യു.എ.ഇയുടെ മണ്ണില്‍ ക്ഷേത്രങ്ങളും ചര്‍ച്ചുകളും തലയുയര്‍ത്തി നില്‍ക്കുന്നത് ഈ രാജ്യം ഭരിക്കുന്നവര്‍ പ്രവാസി സമൂഹത്തോടും ഇതര മതങ്ങളോടും കാണിക്കുന്ന സ്‌നേഹത്തിന്‍റെയും പരിഗണനയുടെയും സുന്ദരമായ തെളിവുകളാണ്.
1989ല്‍ നിര്‍മിച്ച അബൂദബി അല്‍ മുഷ്‌റിഫിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദിന് 2017ല്‍ യേശുവിന്‍റെ മാതാവ് മേരിയുടെ നാമം നല്‍കിയത് അത്തരമൊരു ചേര്‍ത്തുപിടിക്കലിന്‍റെ ഭാഗമായിട്ടായിരുന്നു. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. നാലുമിനാരങ്ങളുടെ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയുടെ പേര് മറിയം ഉമ്മു ഈസ എന്നു മാറ്റാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിടുകയായിരുന്നു. ഈ പള്ളിയുടെ സമീപത്തായി സെന്‍റ് ജോസഫ് കത്തീഡ്രല്‍, സെന്‍റ് ആന്‍റണി, സെന്‍റ് ആന്‍ഡ്രൂസ് എന്നിങ്ങനെ അനേകം ചര്‍ച്ചുകള്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് മസ്ജിദിന് യേശുവിന്‍റെ മാതാവ് മേരിയുടെ നാമം - മറിയം ഉമ്മു ഈസ എന്നു മാറ്റിയത്.
യു.എ.ഇയുടെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും മനോഹര ഉദാഹരണമായി മാറിയ നടപടിക്ക് രാഷ്ട്ര പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് നന്ദി പറയുകയാണെന്നാണ് സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി അന്ന് അഭിപ്രായപ്പെട്ടത്.
തങ്ങളുടെ മതത്തിലെ വിശുദ്ധവും പ്രാധാന്യമുള്ളതുമായ ആളാണ് മേരി. ദൈവത്തിനോട് അനുസരണയുള്ള വനിതയെ പ്രതിനിധീകരിക്കുന്നയാളാണവര്‍. തങ്ങളുടെ അയല്‍ക്കാരുമായി കൂടുതല്‍ മനസ്സിലാക്കുന്നതിന് ശ്രമിക്കും. മസ്ജിദിന്‍റെ പുതിയ പേരില്‍ അവര്‍ക്കൊപ്പം തങ്ങളും ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നേരത്തെ, അല്‍ ഐനിലെ ക്രിസ്ത്യന്‍ ദേവാലയം മഗ്‌രിബ് നമസ്കാരത്തിനായി തുറന്നുകൊടുത്തതും ശ്രദ്ധ നേടിയിരുന്നു. ഇരുന്നൂറിലേറെ ഏഷ്യന്‍ മുസ്‌ലിംകളാണ് അന്ന് ചര്‍ച്ചില്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.