അബൂദബിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം മാറി; നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം
text_fieldsദുബൈ: അബൂദബിയില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലേക്ക് മാറി അയച്ചത് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം . കഴിഞ്ഞ ദിവസം അബൂദബി റുവൈസില്‍ മരണപെട്ട വയനാട് അമ്പലവയൽ തായ്കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടൻ ഹരിദാസെൻറ മകൻ നിധിന്‍റെ (30) മൃതദേഹത്തിന് പകരമാണ് ആളുമാറി അബൂദാബിയില്‍ തന്നെ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കയറ്റി വിട്ടത്. എംബാം ചെയ്ത മൃതദേഹം നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ട് പോകും വഴിയാണ് മൃതദേഹം മാറിയ വിവരം ലഭിക്കുന്നത്. തമിഴ്‌നാട് രാമേശ്വരം സ്വദേശി കാമാക്ഷി കൃഷ്ണന്‍ എന്നയാളുടെ മൃതദേഹമാണ് വയനാട്ടിലെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച്ച കാലത്ത് വിമാനത്തില്‍ ചെന്നൈയിലേക്ക് അയക്കേണ്ടിരുന്ന കാമാക്ഷി കൃഷ്ണെൻറ മൃതദേഹം എംബാംമിങ്ങിനു ശേഷം ബന്ധുക്കള്‍ തിരിച്ചറിയാന്‍ ചെന്നപ്പോഴാണ് മറ്റൊരാളുടെതാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചെന്നൈയിലേക്ക് അയക്കേണ്ട കാമാക്ഷി കൃഷ്ണെൻറ മൃതദേഹമാണ് കേരളത്തിലേക്ക് അയച്ചതെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് നിധിന്‍ മരിച്ചത്. അബൂദാബി മദീന സായിദില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയുന്ന ഇദ്ദേഹത്തിെൻറയും അവിടെ തന്നെ കോണ്‍ട്രാക്ടിംങ്ങ് കമ്പനിയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്യുന്ന കാമാക്ഷി കൃഷ്ണെൻറയും മൃതദേഹങ്ങൾ ഒന്നിച്ചാണ് കഴിഞ്ഞ ദിവസം അബൂദാബിയിലെ എംബാമിങ് സെൻററില്‍ എത്തിച്ചത്.
എംബാമിങ് കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോകും മുമ്പ് നിധിെൻറ ബന്ധുക്കള്‍ കണ്ട് സ്ഥിതീകരിക്കുകയും തുടര്‍ന്ന് സ്പോന്‍സര്‍ ഒപ്പിടുകയും ചെയ്ത ശേഷമാണ് വ്യാഴാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയത് . എന്നാല്‍ മൃതദേഹം ശരിക്കും കണ്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രി അധികൃതര്‍ ബോഡി തിരിച്ചറിയാന്‍ വിളിച്ചപ്പോള്‍ മരിച്ചു കിടക്കുന്ന നിധിനെ കാണുന്നതിലുള്ള വിഷമം കാരണം അവർ ഒറ്റനോട്ടം മാത്രമാണ് നോക്കിയത്. മുഖം പൂര്‍ണ്ണമായും തുറന്നിട്ടില്ലാതിരുന്നത് കാരണം വ്യക്തമായി കാണാനും കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന പൊതു പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ കണ്ടുവെന്ന ഉറപ്പിന്‍ മേലാണ് സ്പോണ്‍സറും ഒപ്പിട്ടു നല്‍കിയതത്രെ. നിധിന്‍റെ ചില ബന്ധുക്കളും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച കാലത്ത് കാമാക്ഷി കൃഷ്ണന്‍റെ മൃതദേഹം എംബാമിങ് കഴിഞ്ഞ് ബന്ധുക്കള്‍ കണ്ട് ഉറപ്പു വരുത്തുന്നതിനിടെയാണ് മാറിയ വിവരം അറിയുന്നത്.
ഉടനെ നാട്ടിലേക്ക് വിളിച്ച് അവിടെ എത്തിയ ഭൗതിക ശരീരം തുറക്കരുതെന്ന് വിവരം നൽകുകയായിരുന്നു.അബൂദാബിയില്‍ കുടുങ്ങി കിടക്കുന്ന ബോഡി ശനിയാഴ്ച്ച നാട്ടിലെത്തിക്കാൻ പൊതു പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സി അധികൃതരുമായി ഇടപെട്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ട് . എയര്‍ ഇന്ത്യ അധികൃതരില്‍ നിന്ന് ക്ലിയറന്‍സ് വരുത്തേണ്ടതുണ്ട്. നിധിന്‍റെ വിലാസത്തില്‍ അബൂദാബിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ബോഡി അവിടെ സ്വീകരിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് രേഖയുള്ളത് . എന്നാല്‍ മൃതദേഹം മാറിയെന്ന രേഖ ശരിയാക്കാന്‍ ഇന്ത്യന്‍ എംബസ്സി പേപ്പര്‍ നല്‍കി എയര്‍ ഇന്ത്യ അത് സാക്ഷ്യപ്പെടുത്തിയത് തിരിച്ചു ലഭിച്ചാല്‍ മാത്രമേ മൃതദേഹം അബൂദാബിയില്‍ നിന്ന് കയറ്റി വിടാന്‍ പറ്റൂ . കടലാസ് പണികള്‍ പൂര്‍ത്തിയായി വരുന്നതായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കെ.എം .സി.സി പ്രവര്‍ത്തകര്‍ പറഞ്ഞു .അതേസമയം തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സ്വദേശമായ രാമേശ്വരത്ത് റോഡ് മാർഗം എത്തിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.