ഡബ്ല്യു.ടി.ഒ മന്ത്രിതല ഉച്ചകോടി അബൂദബിയിൽ
text_fieldsദുബൈ: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യു.ടി.ഒ) മന്ത്രിതല ഉച്ചകോടിക്ക് യു.എ.ഇ ആതിഥ്യമരുളും. 2024 ഫെബ്രുവരിയിൽ അബൂദബിയിലാണ് ഉച്ചകോടി നടക്കുക. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 164 രാജ്യങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കും. ഇത് യു.എ.ഇക്ക് ലഭിക്കുന്ന ആദരവാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഡബ്ല്യു.ടി.ഒ രാജ്യങ്ങൾ തമ്മിലെ ക്രിയാത്മക സംഭാഷണം സുഗമമാക്കുന്നതിനും സുസ്ഥിര ഭാവിക്കായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടിയെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ട്വീറ്റ് ചെയ്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങൾക്കിടയിൽ ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ കൈമാറ്റം ഉറപ്പാക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണക്കുന്നതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
ഡബ്ല്യു.ടി.ഒയുടെ 12ാം മന്ത്രിതല ഉച്ചകോടി ഈ വർഷം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് നടന്നത്. 2020ൽ കസാഖ്സ്താനിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ജൂൺ 12 മുതൽ 15 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും കൂടുതൽ ചർച്ചകൾക്കും കരാർ ഒപ്പുവെക്കലിനുമായി രണ്ട് ദിവസം കൂടി അധികം നൽകി.
13ാം ഉച്ചകോടിക്കായി യു.എ.ഇക്ക് പുറമെ കാമറൂണും ശ്രമിച്ചിരുന്നു.
എന്നാൽ, യു.എ.ഇക്ക് അനുവദിക്കുകയായിരുന്നു. 2001ൽ ഖത്തറിലെ ദോഹയിലാണ് അവസാനമായി ഗൾഫ് രാജ്യത്ത് ഡബ്ല്യു.ടി.ഒ മന്ത്രിതല ഉച്ചകോടി നടന്നത്. 143 രാജ്യങ്ങളാണ് അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്.
രണ്ടുവർഷം കൂടുമ്പോഴാണ് ഡബ്ല്യു.ടി.ഒ ഉച്ചകോടി നടക്കുന്നത്. ഡബ്ല്യു.ടി.ഒയിൽ അംഗങ്ങളായ രാജ്യങ്ങളുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കുന്ന ഉച്ചകോടിയാണിത്. 1996ൽ സിംഗപ്പൂരിലാണ് ആദ്യത്തെ ഉച്ചകോടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.