വിസ്മയ കാഴ്ച്ചകളുടെ XPOSURE
text_fieldsപ്രകൃതിയുടെ ഹൃദയതാളങ്ങളെ കാമറകളിലേക്ക് ആവാഹിച്ചെടുത്ത് ലോകത്തിന് മുന്നിലേക്ക് നിവർത്തിവെച്ച് ഇനി വരുന്ന തലമുറക്ക് വനങ്ങൾ ബാക്കി ഉണ്ടാകുമോ എന്ന നെഞ്ചുതകരുന്ന ചോദ്യം ചോദിക്കുന്ന സാഹസികരായ ഫോട്ടോഗ്രാഫർമാർ അണിനിരക്കുന്ന എക്സ്പോഷർ പ്രദർശനങ്ങൾക്ക് 28 മുതൽ ഷാർജ എക്സ്പോ സെൻററിൽ തുടക്കമാകും.
മാർച്ച് അഞ്ചുവരെ നീളുന്ന പ്രദർശനത്തിൽ നിരവധി പരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. മീഡിയാ ബ്യൂറോ നേതൃത്വം നൽകുന്ന എക്സ്പോഷറിന്റെ എട്ടാം പതിപ്പാണിത്.
കാട് വീട് പോലെയാണ് ജോക്കിം ഷ്മൈസറിന്. ഭയത്തിന്റെ നെഞ്ചിടിപ്പില്ലാതെ മൃഗങ്ങൾക്കിടയിലേക്ക് ഈ ഫോട്ടോഗ്രഫർ ഇറങ്ങി ചെല്ലുന്നു. കാടിന്റെ ആഴങ്ങളിലെ വിസ്മയങ്ങൾ തേടിയുള്ള യാത്രയിൽ പതിഞ്ഞ അതിമനോഹരവും അതിലേറെ സാഹസികമായി പകർത്തിയ കാഴ്ച്ചകളാണ് എക്സ്പോഷർ അന്താരാഷ്ട്ര ഫോട്ടോഗ്രഫി മഹോത്സവത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
റിമോട്ട് കൺട്രോൾ ഉപകരണങ്ങളോ നീളമുള്ള ലെൻസുകളോ ഉപയോഗിക്കാതെ മീഡിയം ഫോർമാറ്റ് കാമറകൾ ഉപയോഗിച്ചാണ് കാടിന്റെ ഭയാനകമായ അലർച്ചകൾ ജോക്കിം പകർത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ഐക്കണിക് ചിത്രങ്ങൾക്ക് ലോകപ്രശസ്തനാണ് ജോക്കിം ഷ്മൈസർ. 2012ൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അഭിമാനകരമായ ഹാസൽബ്ലാഡ് മാസ്റ്റർ അവാർഡും ലഭിച്ചു.
റിങിലെ എക്കാലത്തെയും മഹാരാജാവ് മുഹമ്മദലിയുടെ പ്രകടനങ്ങളെ കാമറ കൊണ്ട് കവിതകളാക്കി മാറ്റിയ അമേരിക്കൻ സ്പോർട്സ് ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ നീൽ ലീഫറിന്റെ നിരവധി ഫോട്ടോകളാണ് പ്രദർശനത്തിനെത്തുന്നത്. ടൈം ഇൻക് മാസികയിലൂടെ ലോകമറിഞ്ഞ ഷട്ടർ വേഗങ്ങൾ ഇതിലൂടെ അടുത്തറിയാം.
ഡേവിഡ് ആറ്റൻബറോയുടെ ‘ദി ട്രയൽസ് ഓഫ് ലൈഫി’ൽ പ്രവർത്തിച്ച് 16-ാം വയസ്സിൽ ഫോട്ടോഗ്രഫി രംഗത്തേക്ക് കടന്നുവന്ന ചാർളി ഹാമിൽട്ടൺ ജെയിംസിന്റെ ഹൃദ്യമായ കാടകങ്ങളാണ് എക്സ്പോഷറിലെത്തുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ ഉൾകാടുകളുടെ കഥ പറഞ്ഞ് ഉൾക്കിടിലങ്ങൾ സൃഷ്ടിച്ച പ്രതിഭയാണ് ഇദ്ദേഹം.
അന്താരാഷ്ട്ര രംഗത്ത് ചർച്ച ചെയ്യപ്പെട്ട ഫോട്ടോകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവും എക്സ്പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ(എക്സ്പോഷർ 2024) എട്ടാം പതിപ്പിലെ ആർട്ട് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എറിക് മിയോളയുടെ ക്രോമാറ്റിക് സെന്റിമെന്റ്സ് മുതൽ ഇയോന്നിസ് ഗലനോപൗലോസ് പപ്പാവാസിലിയോയുടെ വാസ്തുവിദ്യാ ചിത്രങ്ങളും ജീൻ-പിയറി ലാഫോണ്ടിന്റെ സൃഷ്ടികളും പ്രദർശനത്തിൽ ഉൾപ്പെടുന്നു.
കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രത്യേകം ക്യൂറേറ്റ് ചെയ്ത ടൂറുകളിലൂടെ വ്യക്തിഗത ഫോട്ടോഗ്രാഫർമാരുടെ സർഗാത്മക അടുത്തറിയാൻ സന്ദർശകർക്ക് സാധിക്കും. ഈ എക്സ്ക്ലൂസീവ് ടൂറുകൾ കലാകാരന്മാരുടെ പ്രചോദനങ്ങൾ, സർഗാത്മക പ്രക്രിയകൾ, അവരുടെ ആകർഷകമായ ഇമേജറിയിൽ കുടുങ്ങിക്കിടക്കുന്ന കഥകൾ എന്നിവയെ കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്ചകൾ നേടാനുള്ള അപൂർവ അവസരം നൽകുന്നു.
ഇന്ത്യയടക്കം 190 രാജ്യങ്ങളിൽനിന്ന് 25,000 അപേക്ഷകളാണ് പ്രദർശനത്തിനായി ലഭിച്ചിരിക്കുന്നതെന്ന് ഷാർജ സർക്കാരിന്റെ മീഡിയാ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സയീദ് പറഞ്ഞു. സ്ട്രീറ്റ് ഫോട്ടോഗ്രഫി വിഭാഗത്തിൽ 4,868 എൻട്രികളും മൊബൈൽ ഫോട്ടോഗ്രഫിലേക്ക് 2,444 എണ്ണവും ഡ്രോൺ ഫോട്ടോഗ്രഫിയിലേക്ക് 2,663 അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്.
60,000 ഡോളറാണ് മൊത്തം സമ്മാനത്തുക. വ്യക്തിഗത വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000, 1500 ഡോളറാണ് സമ്മാനം. 18 വയസ്സിൽ താഴെയുള്ളവർക്കായി ജൂനിയർ ഫോട്ടോഗ്രഫി പുരസ്കാരങ്ങളും നൽകും. ഈ വിഭാഗത്തിലേക്ക് 192 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഫോട്ടോഗ്രഫിയുടെ വിശാലമായ ലോകത്തെ പരിചയപ്പെടുത്തുന്ന ശില്പശാലകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയും നടക്കും. ഫോട്ടോ പ്രദർശനത്തിനും കാമറയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്. പ്രശസ്ത മോഡലുകൾ അണിനിരക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ സന്ദർശകർക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. പ്രവേശനവും പാർക്കിങും സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.