യാ, ഹബീബീ വെൽക്കം ടു സലാല
text_fieldsകേരളത്തിന്റെ കാലാവസ്ഥയുമായി ഏറെ സാമ്യമുള്ള സുന്ദരമായ ഇടങ്ങൾ ഒത്തുചേർന്നതാണ് ഒമാൻ എന്ന രാജ്യം. യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന നാട്. പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന ഇടം. അവധിക്കാലം അടുത്തതോടെ ഒമാനിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യുകയാണ് യു.എ.ഇ പ്രവാസികൾ. പ്രവാസികളെ വരവേൽക്കാൻ ഒമാനിലെ മനോഹരമായ ഇടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ചന്നം പിന്നം പെയ്യുന്ന മഴയിൽ പ്രകൃതിക്കും മനസിനും കുളിര് പകർന്ന് ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കമായിരിക്കുകയാണ്.
സെപ്റ്റംബർ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ദോഫാറിൽ എത്തുക. ഖരീഫിന്റെ വരവറിയിച്ച് സലാലയിലും ജബൽ പ്രദേശങ്ങളിലും ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. സലാലയടക്കമുള്ള നഗരങ്ങളിൽ കുറച്ചുദിവസമായി മൂടികെട്ടിയ അന്തരീക്ഷമാണുള്ളത്. വരും ദിവസങ്ങളിൽ ഇവിടയും മഴ എത്തുന്നതോടെ സലാലയടക്കമുള്ള പ്രദേശങ്ങളുടെ മനസിലും കുളിര് പടർത്തും. മഴ കനക്കുന്നതോടെ മലനിരകളും താഴ്വാരങ്ങളും പച്ച പുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും.
സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുക. പ്രകൃതിക്കു മാത്രം വശമുള്ള വിരുതാണിത്. മനം നിറയെ പുതുമഴ ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സഞ്ചാരികൾ ജബലുകൾ കയറും. ഇടവേളകളില്ലാതെ ചന്നം പിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലക്ക് മാത്രമാണ് സ്വന്തം. സീസണിന്റെ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെയാണ് വേനലിൽ ഉണങ്ങി വരണ്ട് കിടന്ന മലനിരകളിൽ ജീവന്റെ പുൽക്കൊടികൾ ദൃശ്യമാവുക. മഴ കനക്കുന്നതോടെ വെള്ളചാട്ടങ്ങളുടെ അഴക് വർധിക്കും. ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാന് റോയൽ ഒമാൻ പൊലിസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.
വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങും പരിശോധനകളും ഏർപ്പെടുത്തും. അതേസമയം, ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷ പരിപാടികളെ കുറിച്ച് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലായിരുന്ന അരങ്ങേറിയിരുന്നത്. പൈതൃക, ടൂറിസം മന്ത്രാലയവുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും സഹകരിച്ചാണ് ടൂറിസ്റ്റ് സൈറ്റുകളിൽ സന്ദർശകർക്കായി വിനോദ പരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നത്.
sub head: മികച്ച മുന്നൊരുക്കം, 6000ത്തോളം ഹോട്ടൽ മുറികൾ
ഖരീഫ് സീസണെ വരവേൽക്കുന്നതിനായി മികച്ച മുന്നൊരുക്കമാണ് അധികൃതർ നടത്തിയിട്ടുള്ളത്. സഞ്ചാരികൾക്കായി 6000ത്തോളം ഹോട്ടൽ മുറികളാണ് ഒരുക്കിയിരിക്കുന്നതെന്ന് പൈതൃക, വിനോദസഞ്ചാര മന്ത്രാലയം അധികൃതര്‍ പറഞ്ഞു. സലാലയിലേക്ക് ഒമ്പത് വിമാന കമ്പനികൾ ഈ മാസം നേരിട്ട് സര്‍വിസുകള്‍ നടത്തും. ഇതോടെ ആഴ്ചയില്‍ 170ലേറെ വിമാന സര്വിസുകളായിരിക്കു സലാലക്ക് ലഭിക്കുക. മസ്കത്ത്, സുഹാര്‍ വിമാനത്താവളങ്ങളില്‍നിന്ന് 110 വിമാന സര്‍വിസുകളുണ്ടാകും. യു.എ.ഇയില്‍നിന്ന് 36 വിമാനങ്ങളും സൗദി അറേബ്യയില്‍നിന്ന് 13ഉം ഖത്തറില്‍നിന്ന് ഏഴും കുവൈത്തില്‍നിന്ന് അഞ്ചും വിമാനങ്ങള്‍ സര്‍വിസുകള്‍ നടത്തും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഗവർണറേറ്റിലെ മറ്റ് സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. ഗവർണറേറ്റിലെ പ്രസക്തമായ നിരവധി സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖല സ്ഥാപനങ്ങളുമായും ഡയറക്ടറേറ്റ് വിപുലമായ യോഗം ചേർന്നിട്ടുണ്ട്. മന്ത്രാലയത്തിന്റെ മുന്നൊരുക്കം, ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്ക് സേവനങ്ങളുടെ പ്രോത്സാഹനം, ഇന്ധന സ്റ്റേഷൻ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായിരുന്നു യോഗം.
എ.ടി.എമ്മുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഗവർണറേറ്റിലെ വാണിജ്യ ബാങ്കുകളുടെ ഉദ്യോഗസ്ഥരുമായി ഡയറക്ടറേറ്റ് സംസാരിചിട്ടുണ്ട്. സീസണിൽ മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ അവയുടെ പ്രവർത്തനം ഉറപ്പാക്കാനും അറ്റകുറ്റ പണി നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ സലാലയുടെ പച്ചപ്പും തണുപ്പും നുകരാനെത്തിയത് 813,000 സന്ദർശകർ ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ ആറുശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 7.67 ലക്ഷം ആളുകളായിരുന്നു സന്ദർശകരായി ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.