വേനലവധി യാസ് ഐലൻഡൽ
text_fieldsവേനലവധി ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കുകയാണ് യാസ് ഐലന്‍ഡ്. കുടുംബത്തിനൊപ്പം കുട്ടികള്‍ക്ക് സൗജന്യമായി യാസ് ഐലന്‍ഡില്‍ താമസിക്കാനും കളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരമാണ് ലഭ്യമാക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാസ് ഐലന്‍ഡില്‍ സൗജന്യ പ്രവേശനമൊരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി മിറാല്‍ ഡെസ്റ്റിനേഷന്‍ ഒട്ടേറെ പാക്കേജുകളും അവതരിപ്പിച്ചുകഴിഞ്ഞു. യാസ് ഐലന്‍ഡിന്റെ വെബ്സൈറ്റില്‍ കുട്ടികളുടെ പാക്കേജുകള്‍ ലഭ്യമാണ്. ഡബ്ല്യൂ അബൂദബി യാസ് ഐലന്‍ഡ്, ക്രൗണ്‍ പ്ലാസ അബൂദബി യാസ് ഐലന്‍ഡ്, ദ ഡബ്ല്യു.ബി. അബൂദബി ക്യുരിയോ കലക്ഷന്‍ ബൈ ഹില്‍ട്ടണ്‍ എന്നീ ഹോട്ടലുകളാണ് കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളിലും കുട്ടികള്‍ക്ക് സൗജന്യമായി സമയം ചെലവിടാം. ഫെറാരി വേള്‍ഡ് അബൂദബിയിലും യാസ് മറീന സര്‍ക്യൂട്ടിലും കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സൗജന്യ ബസ് സര്‍വീസ് സേവനവും ലഭ്യമാണ്.
ഒട്ടേറെ ജലവിനോദങ്ങളും റെസ്റ്റാറന്റുകളുമുള്ള യാസ് ബീച്ചിലും 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹമും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിനങ്ങളിലും മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹമുമാണ് ടിക്കറ്റ് നിരക്ക്. യാസ് ബീച്ചിലെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ബീച്ചിലെ പ്രവേശനം സൗജന്യമാണ്.
മിറാല്‍, സീ വേള്‍ഡ് തീം പാര്‍ക്ക്സ് ആന്‍ഡ് എന്റര്ടെയിന്മെന്റുമായി സഹകരിച്ച് 183000 ചതുരശ്രമീറ്ററില്‍ തയ്യാറാക്കിയ സീവേള്‍ഡ് അബൂദബിയില്‍ എട്ട് വിഭാഗങ്ങളിലായി അനേകം സമുദ്ര ജീവികള്‍ക്ക് ആവാസകേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരെ കടലിന്റെ അടിയില്‍ കൊണ്ടുപോയി കാണിക്കുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്കാണ് സീ വേള്‍ഡ് അബൂദബി. ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് സമാനമാണ് അബൂദബി സീവേള്‍ഡില്‍ സജ്ജമാക്കുന്നത്. ഭൂമിയിലെ ജീവിതം സമുദ്രത്തിലെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സീവേള്‍ഡ് അബൂദബി വരച്ചുകാണിക്കുന്നുണ്ട്. തീംപാര്ക്കിന് അഞ്ച് ഇന്‍ഡോര്‍ തലങ്ങളുണ്ട്. 58 ദശലക്ഷം ലിറ്റര്‍ വെള്ളം തീം പാര്‍ക്കില്‍ ഉള്‍ക്കൊള്ളും. മേഖലയിലെ ഏറ്റവും വലുതും അനേക സമുദ്രജീവികളാല്‍ സമ്പന്നവുമായ അക്വേറിയമാണിത്. സ്രാവുകള്‍ അടക്കം 150ലേറെ സമുദ്രജീവികളാണ് സീവേള്‍ഡിന്റെ ആകര്‍ഷണീയത. ഇതിനു പുറമേ നൂറുകണക്കിന് പക്ഷികളുമുണ്ട്.
യാസ് സീവേള്‍ഡ് റിസര്‍ച് ആന്‍ഡ് റെസ്ക്യു അബൂദബിയെന്ന പേരില്‍ സമുദ്ര ശാസ്ത്ര ഗവേഷണത്തിനു മാത്രമായൊരു കേന്ദ്രവും യാസ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധരായ സമുദ്ര ശാസ്ത്രജ്ഞരും വെറ്ററിനേറിയന്മാരും അനിമല്‍ കെയര്‍ പ്രഫഷനല്‍സും മറൈന്‍ അനിമല്‍ റെസ്ക്യൂ വിദഗ്ധരുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം. സമുദ്ര വന്യജീവിതത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചുമെല്ലാം പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. അമേരിക്കയിലാണ് ദ ഗ്ലോബല്‍ സീ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് റെസ്ക്യുവിന്റെ ആസ്ഥാനം. യു.എസിനു പുറത്തുള്ള ആദ്യ കേന്ദ്രമാണ് യാസ് വേള്‍ഡില്‍ തുറന്നിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജീവി സംരക്ഷണത്തിനും റെസ്ക്യൂ, ശാസ്ത്രീയ പഠനത്തിനുമായി 60 വര്‍ഷം മുമ്പാണ് യു.എസില്‍ സീവേള്‍ഡിനു തുടക്കം കുറിച്ചത്. ഇതുവരെ നാല്പതിനായിരത്തോളം സമുദ്രജീവികളെയാണ് ആഗോള തലത്തിൽ സീവേള്‍ഡ് ഏറ്റെടുത്തത്.
8602 ചതുരശ്ര മീറ്ററിലാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. മൂന്ന് ഡ്രൈ ലാബുകളും ഒരു പരീക്ഷണ വെറ്റ് ലാബും സമുദ്ര സംസ്കാര കേന്ദ്രവും ഗവേഷണ ലാബുകളും ഓഡിറ്റോറിയവും ക്ലാസ്റൂമുകളും ഈ കേന്ദ്രത്തിലുണ്ട്. കടല്‍ പാമ്പുകള്‍ മുതല്‍ വലിയ സമുദ്ര ജീവികളും കടല്‍ പക്ഷികളും അടങ്ങുന്ന പ്രാദേശിക സമുദ്ര വന്യ ജീവികളെ ഈ കേന്ദ്രത്തില്‍ പരിപാലിക്കും. ഇവയെ കൈകാര്യം ചെയ്യാന്‍ അത്യാധുനിക ഉപകരണങ്ങളും റെസ്ക്യൂ ബോട്ടുകളും വെറ്ററിനറി ആശുപത്രിയുമൊക്കെ കേന്ദ്രത്തിലുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ പരിക്കേറ്റതും സുഖമില്ലാത്തതും അനാഥരായതുമായ സമുദ്രജീവികളെയാണ് ഇവര്‍ ഏറ്റെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.