യമൻ പ്രശ്നം: മധ്യസ്ഥ ശ്രമവുമായി ജി.സി.സി
text_fieldsകുവൈത്ത് സിറ്റി: യമൻ പ്രശ്നം പരിഹരിക്കാൻ ഗൾഫ് കോഓപറേഷൻ കൗൺസിൽ മധ്യസ്ഥ ശ്രമം നടത്തുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റുഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 29 മുതൽ ഏപ്രിൽ ഏഴുവരെ ദിവസങ്ങളിൽ യമനിലെ വിവിധ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതായും മുൻ കുവൈത്ത് ധനമന്ത്രി കൂടിയായ ഡോ. നായിഫ് അൽ ഹജ്റുഫ് പറഞ്ഞു. എല്ലാ യമനി കക്ഷികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
രാഷ്ട്രീയ പരിഹാരം മാത്രമാണ് പ്രശ്നത്തിനുള്ളത്. പരസ്പരം കൂടിയിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിലെത്താൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യമനിലെ ആഭ്യന്തരപ്രശ്നം പരിഹരിക്കാൻ നേരത്തേ കുവൈത്തിന്‍റെ ആതിഥേയത്വത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും പരിഹരിക്കാനായില്ല. സംഘർഷഭരിതമായ യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് യു.എൻ ചുമതലപ്പെടുത്തിയ ദൂതൻ ഇസ്മായിൽ വലദുശൈഖ് ദൗത്യം പൂർത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു. യമൻ സമാധാന ചർച്ചക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.