300 ദിർഹമിന് നാട്ടിലേക്ക് പറക്കാം
text_fieldsദുബൈ: നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് കുറഞ്ഞതോടെ വിമാന ടിക്കറ്റ് നിരക്ക് താഴേക്ക്. യു.എ.ഇയിെല വിവിധ വിമാനത്താവളങ്ങളിൽനിന്ന് നാട്ടിലേക്ക് 296 ദിർഹം മുതൽ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്.
ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് സ്പൈസ് ജെറ്റ് വിമാനത്തിെൻറ നിരക്ക് 296 ദിർഹമാണ്. എയർ ഇന്ത്യ എക്സ്പ്രസിെൻറ വന്ദേ ഭാരത് വിമാന നിരക്ക് 330 ദിർഹമാണ്. 40 കിലോ വരെ ബാഗേജും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
നേരത്തേ 20-30 കിലോയായി പരിമിതപ്പെടുത്തിയിരുന്നു. ദുബൈ-കോഴിക്കോട് വിമാനത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് 305 ദിർഹമാണ്. തിരുവനന്തപുരത്തേക്ക് 318, കണ്ണൂരിലേക്ക് 359 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഷാർജ, അബൂദബി വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കുകളും 300-400 ദിർഹമിനിടയിലാണ്.
ഒരുമാസം മുമ്പ് 800 ദിർഹമിന് മുകളിലായിരുന്ന നിരക്കാണ് കുത്തെന ഇടിഞ്ഞത്. കോവിഡ് വ്യാപനം കൂടിയ സമയത്ത് 1200 ദിർഹമിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് തിരിക്കാൻ അഞ്ചുലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ 3.25 ലക്ഷവും നാട്ടിലേക്ക് മടങ്ങിയെന്നാണ് കോൺസുലേറ്റിെൻറ കണക്ക്. ബാക്കിയുള്ളവർ തൽക്കാലം ഇവിടെ തുടരാനാണ് തീരുമാനിച്ചത്. ദുബൈയിൽ കോവിഡ് 19 നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയും നാട്ടിൽ കൂടുതൽ മോശമാകുന്നതുമാണ് പ്രവാസികളെ ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നത്. മടക്കയാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നാട്ടിലേക്ക് തിരിക്കുന്നവർ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.