സൈക്കിൾ ട്രാക്കിലൂടെ ഇനി ഇ-സ്കൂട്ടറും ഓടിക്കാം
text_fieldsദുബൈ: ബുധനാഴ്ച മുതൽ സൈക്കിൾട്രാക്കിലൂടെ ഇ-സ്കൂട്ടറും ഓടിക്കാമെന്ന് ദുബൈ പൊലീസും ആർ.ടി.എയും അറിയിച്ചു. ആദ്യ ഘട്ടത്തിൽ 10 മേഖലകളിലാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുകയും ഇ-സൈക്കിൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് നടപടി.
ജുമൈറ ലേക് ടവേഴ്സ്, ദുബൈ ഇന്‍റർനെറ്റ് സിറ്റി, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലെവാദ്, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ നിർദിഷ്ട ട്രാക്കുകളിലും ഇ-സ്കൂട്ടർ ഇറക്കാം. ജനസാന്ദ്രത, വികസന മേഖല, മെട്രോ സ്റ്റേഷൻ, ബസ്, ഗതാഗതസുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളെ തെരഞ്ഞെടുത്തത്. നാലു കമ്പനികൾക്കാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുമതിയുള്ളത്. ഇന്‍റർനാഷനൽ കമ്പനികളായ ടയർ, ലിമെ, പ്രാദേശിക സ്ഥാപനങ്ങളായ അർണബ്, സ്കർട്ട് എന്നിവയായിരിക്കും ഈ മേഖലകളിൽ 2000 ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകുക. പരീക്ഷണഘട്ടം വിജയിച്ചതിനെ തുടർന്നാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തത്. പരീക്ഷണ ഘട്ടത്തിൽ 82 ശതമാനം ഉപഭോക്തൃ സംതൃപ്തി പിടിച്ചുപറ്റാൻ ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായി ആർ.ടി.എ അറിയിച്ചു. കഴിഞ്ഞ വർഷം അഞ്ചു ലക്ഷം യാത്രകളാണ് ഇ-സ്കൂട്ടറുകൾ നടത്തിയത്.
അനധികൃത പാർക്കിങ്ങിന് 200 ദിർഹം പിഴ
ഇ-സ്കൂട്ടർ അനധികൃതമായി പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 200 ദിർഹം പിഴ ഈടാക്കും. ഇവ പാർക്ക് ചെയ്യാൻ കൃത്യമായ പ്രദേശങ്ങൾ നിർണയിച്ചിട്ടുണ്ട്.
ഇവിടെ മാത്രമേ പാർക്ക് ചെയ്യാവൂ. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും മെട്രോ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലുമാണ് പാർക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നെടുക്കുന്ന ഇ-സ്കൂട്ടർ മറ്റേതെങ്കിലും സ്റ്റേഷനിൽ നൽകാനും കഴിയും.
ലൈസൻസ് ഈ മാസം മുതൽ
ഇ-സ്കൂട്ടർ ലൈസൻസിനായി ഈ മാസം അവസാനം മുതൽ അപേക്ഷിക്കാം. ആർ.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ ടെസ്റ്റും പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് നൽകും. സൗജന്യമായാണ് ലൈസൻസ് നൽകുന്നത്. ഇന്‍റർനാഷനൽ, ലോക്കൽ, മോട്ടോർ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇ-സ്കൂട്ടറിനായി പ്രത്യേകം ലൈസൻസിന്റെ ആവശ്യമില്ല. 16 വയസ്സിനു മുകളിലുള്ളവർക്കാണ് ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതി.
പ്രധാന നിബന്ധനകൾ
ഇ-സ്കൂട്ടറുകൾ നിരത്തിലിറക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും ആർ.ടി.എ ഓർമിപ്പിച്ചു. വെളുത്ത നിറത്തിലുള്ള ഹെഡ്ലൈറ്റ് ഉണ്ടായിരിക്കണം, റിയറിൽ ചുവപ്പ് റിഫ്ലക്ടിവ് ലൈറ്റ് ഘടിപ്പിക്കണം, ഹോൺ, മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്ക് തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. റൈഡറുടെ വലുപ്പത്തിനനുസരിച്ചായിരിക്കണം ഇ-സ്കൂട്ടറിന്റെയും വലുപ്പം. ഇ-സ്കൂട്ടറിന്റെ വലുപ്പത്തിനനുസൃതമായിരിക്കണം ടയറിന്റെ വലുപ്പം. നിശ്ചിത പ്രദേശത്തുകൂടി മാത്രമേ ഓടിക്കാവൂ. ഹെൽമറ്റും റിഫ്ലക്ടിവ് ജാക്കറ്റും ധരിക്കണം. കാൽനടയാത്രികർക്ക് തടസ്സമുണ്ടാക്കരുത്. ഇ-സ്കൂട്ടറിൽ പ്രത്യേകം സീറ്റില്ലെങ്കിൽ മറ്റൊരാളെ ഇരുത്തി യാത്ര ചെയ്യരുത്. ബാലൻസ് തെറ്റാൻ സാധ്യതയുള്ള ഒന്നും വാഹനത്തിൽ കയറ്റരുത്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡുകളിൽ ഇറക്കരുത്. ജോഗിങ്ങിനുള്ള ട്രാക്കിലും അനുവദിക്കില്ല. റോഡിന്റെ വലതുഭാഗം ചേർന്ന് പോകണം. ലൈൻ മാറുകയാണെങ്കിൽ കൈകൊണ്ട് അടയാളം കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.