തകർന്ന റോഡുകളെക്കുറിച്ച് ആപ്പിൽ റിപ്പോർട്ട് ചെയ്യാം
text_fieldsദുബൈ: നഗരത്തിലെ തകർന്ന റോഡുകളെക്കുറിച്ചും തെരുവുകളിലെ തടസ്സങ്ങളെക്കുറിച്ചും താമസക്കാർക്കും സന്ദർശകർക്കും ഇനി ആപ് വഴി ബന്ധപ്പെട്ടവരെ അറിയിക്കാം. ദുബൈ നൗ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച ‘മദീനതി’ സേവനം വഴിയാണ് ഇത് സാധ്യമാകുക. ജനങ്ങൾക്ക് റോഡിലെ തടസ്സങ്ങളുടെ ഫോട്ടോ ആപ്പിൽ പങ്കുവെക്കാം.
നഗരത്തിലെ ജനങ്ങൾക്ക് തടസ്സമില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നതിനായി ഡിജിറ്റൽ ദുബൈ, റോഡ്സ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ദുബൈ മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് പുതിയ സേവനം വികസിപ്പിച്ചത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, വീണുകിടക്കുന്ന മരങ്ങൾ, മറ്റു തടസ്സങ്ങൾ എന്നിവയുടെ ഫോട്ടോ എടുത്ത് ആപ്പിൽ പങ്കുവെച്ചാൽ എ.ഐ സംവിധാനം ഉപയോഗിച്ച് സ്ഥലം തിരിച്ചറിയുമെന്ന് ഡിജിറ്റൽ ദുബൈ സി.ഇ.ഒ മതാർ അൽ ഹമീരീ പറഞ്ഞു.
ദുബൈ നൗ സൂപ്പർ ആപ്പിൽ ലഭ്യമായ സ്വകാര്യ, സർക്കാർ മേഖലകളിലെ 45ലധികം സ്ഥാപനങ്ങളിൽ നിന്നുള്ള 280 സേവനങ്ങളിൽ ഒന്നാണ് മദീനതി എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ എമിറേറ്റിലെ ജനങ്ങൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നത് എങ്ങനെയെന്നും അവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് നോക്കുന്നതെന്നും അൽ ഹമീരീ കൂട്ടിച്ചേർത്തു. ദുബൈയിൽ അവസാനിച്ച ജൈടെക്സ് മേളയിൽ ആപ്ലിക്കേഷൻ പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.