രാത്രിയിലും നീന്തിത്തുടിക്കാം; ദുബൈയിൽ മൂന്നു ബീച്ചുകൾ കൂടി തുറന്നു
text_fieldsദുബൈ: വിനോദസഞ്ചാരികൾക്ക് രാത്രിയിലും കടലിൽ കുളിക്കാനും നീന്താനും സൗകര്യമൊരുക്കി മൂന്ന് ബീച്ചുകൾ കൂടി ദുബൈ മുനിസിപ്പാലിറ്റി തുറന്നു. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1 എന്നീ ബീച്ചുകളിലാണ് 24 മണിക്കൂറും കടലിൽ നീന്താൻ അനുവദിച്ചിരിക്കുന്നത്. ഏതാണ്ട് 800 മീറ്ററോളം നീളത്തിലാണ് രാത്രി നീന്തലിന് ബീച്ചുകളിൽ സൗകര്യമൊരുക്കിയിട്ടുള്ളത്.
ഇവിടങ്ങളിൽ സമയപരിധി അവസാനിച്ചതായി സൂചിപ്പിച്ചുകൊണ്ട് ലൈഫ് ഗാർഡുകൾ വിസിൽ മുഴക്കാനെത്തില്ല. എങ്കിലും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരീക്ഷണവുമായി ലൈഫ് ഗാർഡുകൾ അരികിലുണ്ടാകും.
മികച്ച രീതിയിലുള്ള വെളിച്ച സംവിധാനമാണ് മൂന്നു ബീച്ചിലും ഒരുക്കിയിട്ടുള്ളത്. കടലിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ ലൈഫ് ഗാർഡുകൾക്ക് ഇത് സഹായകമാവും. അതോടൊപ്പം ഓരോ ബീച്ചിലും സുരക്ഷ മുന്നറിയിപ്പുകൾ നൽകാനായി ഇലക്ട്രോണിക് സ്ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഏറ്റവും മികച്ച ജീവൻരക്ഷാ ഉപകരണങ്ങളാണ് ലൈഫ് ഗാർഡുകൾക്കായി നൽകിയിട്ടുള്ളതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. മറ്റു ഭാഗങ്ങളിൽനിന്ന് കടലിന്റെ ആഴമേറിയ ഭാഗങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി രാത്രി നീന്തലിന് അനുവദിച്ചിട്ടുള്ള നിശ്ചിത ഇടങ്ങൾ മാത്രം ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
ബീച്ചിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുകയെന്നത് പ്രധാനമാണ്. ബീച്ചിലെത്തുന്ന കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും അധികൃതർ ആവശ്യപ്പെട്ടു. ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ജീവൻ ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജർ പറഞ്ഞു. പുതിയ സൗകര്യങ്ങൾ ടൂറിസം രംഗത്ത് ദുബൈയുടെ സ്ഥാനം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.